ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശ് കൂടി ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുത്ത് നടത്തിയതോടെ കൂടുതല്‍ വ്യക്തമാകുന്നത് നരേന്ദ്ര മോദി എന്ന ഒറ്റയാന്‍ ഇന്ത്യന്‍ ജനഹൃദയങ്ങളില്‍ എത്രമാത്രം ചേക്കേറിയിരിക്കുന്നു എന്നാണ്. യു.പി പിടിച്ചാല്‍ ഡല്‍ഹി ജയിച്ചുവെന്ന രാഷ്ട്രീയ തന്ത്രജ്ഞരുടെ സ്ഥിരം മൊഴി അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതാകും ഇന്ത്യയുടെ വരുംകാലങ്ങളെന്നും ഇനി ഉറപ്പിക്കാം. ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ബി.ജെ.പി എന്ന ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനം ജനഹൃദയങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ആ പ്രസ്ഥാനത്തെ ഇന്ന് നയിക്കുന്ന നരേന്ദ്ര മോദിയില്‍ ജാതി മത വര്‍ഗ വര്‍ണ രഹിതമായ പ്രതീക്ഷയും രക്ഷകര്‍ത്തൃത്വവും നായകത്വവുമെല്ലാം ഇന്ത്യയിലെ ഓരോ പ്രജയും ദര്‍ശിക്കുന്നു എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും നിര്‍ണായകമായ നോട്ട് മരവിപ്പിക്കലിനുശേഷം ബി.ജെ.പി നേരിട്ട ശക്തമായ തെരഞ്ഞെടുപ്പില്‍, എതിരാളികളുടെ യുക്തിരഹിതമായ പ്രചാരണങ്ങളെല്ലാം അസ്ഥാനത്തായിരുന്നുവെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.
നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് തിരിച്ചടിയാണെന്നു ആവര്‍ത്തിക്കുക വഴി ജനങ്ങളെ കേന്ദ്രസര്‍ക്കാരിനും നരേന്ദ്ര മോദിക്കും എതിരെ തിരിക്കുകയായിരുന്നു ഇവിടത്തെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും ദൗത്യം. എന്നാല്‍ ജലരേഖപോലെ ആ നീക്കങ്ങളെല്ലാം ജനം പുച്ഛിച്ചുതള്ളിയിരിക്കുകയാണ്. ഒപ്പം ഇന്ത്യന്‍ ധനവിനിയോഗരംഗത്തെ കള്ളപ്പണ ഇടപാടുകളെ തുടച്ചെറിയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആര്‍ജവത്തിനു ജനം അകമഴിഞ്ഞ പിന്തുണയും നല്‍കിയിരിക്കുന്നു. നരേന്ദ്രമോദി എന്ന കരുത്തനായ ഭരണാധികാരിയുടെ കീഴില്‍ ഇന്ത്യ എത്രമാത്രം പുരോഗമിക്കുന്നുണ്ട് എന്നും അതിലുപരി രാജ്യത്തെ ജനത അദ്ദേഹത്തെ എത്രമാത്രം പിന്തുണക്കുന്നുവെന്നതും ബോധ്യപ്പെടുത്തുന്നതാണ് യു.പിയില്‍ നേടിയ വിജയം. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ളതും ജനപ്രതിനിധികളുള്ളതുമായ ഉത്തര്‍പ്രദേശ് അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരിച്ഛേദമാണ്. കൃത്യമായ ആസൂത്രണവും പിഴവുകളില്ലാത്ത പ്രവര്‍ത്തനവും കൈമുതലാക്കുന്നതിനോടൊപ്പം രാജ്യത്തിനുവേണ്ടി ചെയ്ത നന്മകളെല്ലാം തിരിച്ചറിഞ്ഞാണ് മോദിയുടെ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശ് നന്ദി പ്രകാശിപ്പിച്ചിരിക്കുന്നത്.
ഇനി ഒരുകാര്യം വ്യക്തമായി ഉറപ്പിക്കാം. ബി.ജെ.പിയുടെ മേല്‍ ഹൈന്ദവ വര്‍ഗീയത പട്ടം ചാര്‍ത്തിക്കൊടുത്ത് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കപടമുഖം ഇനി വിലപ്പോകില്ല. ബി.ജെ.പി ഇന്ന് എല്ലാത്തരം ജനസമൂഹങ്ങളെയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ന്നിരിക്കുന്നു. ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കാതെ ഒരിക്കലും ബി.ജെ.പി എന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇങ്ങനെയൊരു വിജയം അസാധ്യമാണ്. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെയും കപടമായ പുറംപൂച്ചുകളെയും ജനം വ്യക്തമായി തിരിച്ചറിയുന്നുവെന് വ്യക്തമായ സന്ദേശം കൂടിയാണ് ഉത്തര്‍പ്രദേശിലെ ഉള്‍പ്പടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഫലം നല്‍കുന്നത്. ഒരുപക്ഷേ ബിജെപിയുടെ പോലും പ്രതീക്ഷകള്‍ക്ക് അപ്പുറം കടന്ന ഒരു പടയോട്ടം തന്നെ ആയിരിക്കും അത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം മൂന്നുവര്‍ഷത്തിനിടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച എത്രയോ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പുകളും നടന്നു.
ബി.ജെ.പിക്ക് എവിടെയൊക്കെ അടിത്തറ ഉണ്ടായിരുന്നുവോ അവിടെയെല്ലാം അവര്‍ അധികാര പിടിച്ചെടുത്തപ്പോള്‍ അധികാര കേന്ദ്രങ്ങളിലേക്ക് ഈസി വാക്ക് ഓവര്‍ പ്രതീക്ഷ പാര്‍ട്ടികളെല്ലാം നിഷ്പ്രഭരായി. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നോട്ടുവച്ച ഒരേ ഒരു മുഖം നരേന്ദ്ര മോദിയുടേതായിരുന്നു. ആ പുഞ്ചിരി ഇന്ന് ഇന്ത്യയൊട്ടാകെയുള്ള ജനഹൃദയങ്ങളില്‍ താമരവിരിയിച്ചിരിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഹരിയാനയിലും സഖ്യത്തില്‍ മത്സരിച്ച ആന്ധ്രപ്രദേശിലും കാശ്മീരിലും ബി.ജെ.പി ആധിപത്യം നേടി. അതോടൊപ്പം കേരളം, തമിഴ്‌നാട്, അസം, അരുണാചല്‍ പ്രദേശ്, ബംഗാള്‍ നിയമസഭകളില്‍ പ്രാതിനിധ്യം അറിയിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. ബി.ജെ.പിയുടെ അസാധാരണമായ വിജയം ഇന്ത്യയിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും കണ്ണുതുറന്ന് കാണേണ്ടതു തന്നെയാണ്. പ്രത്യേകിച്ച് പത്തുവര്‍ഷക്കാലം രാജ്യത്തെ കട്ടുമുടിപ്പിച്ച കോണ്‍ഗ്രസ്. പ്രാദേശികമായ കൂട്ടുകെട്ടുകള്‍ക്കുപോലും ഇനി ഒരിടത്തും കോണ്‍ഗ്രസിനെ രക്ഷിക്കാനാകില്ല. മറ്റൊന്ന് ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ ഉണ്ടാകുന്ന വര്‍ധനവും ശ്രദ്ധിക്കേണ്ടതാണ്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബി.ജെ.പി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ തന്നെ മോദിയുടെ വ്യക്തിപ്രഭാവം ഇന്ത്യ തിരിച്ചറിഞ്ഞതാണ്.
മൂന്നുവര്‍ഷത്തിനിപ്പുറം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള നിയമസഭാ സീറ്റിന്റെ മൂന്നില്‍ രണ്ടും പിടിച്ചെടുത്ത് ബി.ജെ.പി അധികാരത്തിലേറുമ്പോള്‍ മോദിയുടെ വ്യക്തിപ്രഭാവത്തിനും ജനപ്രീതിക്കും ഒട്ടും മങ്ങലേറ്റിട്ടില്ലെന്നു കാണാം. തെരഞ്ഞെടുപ്പില്‍ നോട്ട് നിരോധനം ബി.ജെ.പിക്ക് കടുത്ത തിരിച്ചടി നല്‍കുമെന്ന് വിലയിരുത്തിവരെല്ലാം ഇപ്പോള്‍ വാപൊളിച്ച് നില്‍ക്കുന്നുണ്ടാകും. ഈ തെരഞ്ഞെടുപ്പോടെ ഒരു കാര്യം ഉറപ്പിക്കാം. ദേശീയാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയില്‍ ഇന്ന് ഒരു പ്രതിപക്ഷ പാര്‍ട്ടി ഇല്ലെന്നു വ്യക്തമായിരിക്കുന്നു. കേന്ദ്ര ഭരണത്തിന്റെ സുവര്‍ണഗോപുരങ്ങളില്‍ പരിലസിച്ചിരുന്ന കോണ്‍ഗ്രസ് ഇന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പ്രാദേശികപാര്‍ട്ടികള്‍ക്കും പിന്നിലായിരിക്കുന്നു. പ്രാദേശിക കക്ഷികള്‍ക്കാവട്ടെ അവരുടെ സംസ്ഥാനം വിട്ട് മറ്റൊരിടത്തേക്കും യാതൊരു വേരോട്ടവുമില്ല. ഇടയ്‌ക്കെപ്പോഴോ മൂന്നാം സംവിധാനവുമായി എത്തിയ ഇടതുപാര്‍ട്ടികള്‍ ഇന്ന് ചരിത്രത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ എന്നാല്‍ ബി.ജെ.പി എന്ന സമവാക്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. നരേന്ദ്ര മോദി എന്ന ഇന്ത്യ കാത്തിരുന്ന പ്രധാനമന്ത്രിയും രാഷ്ട്രീയ അമരക്കാരനുമായ ഒരാള്‍ നയിക്കാന്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ മുഖം തന്നെ മാറുകയാണ്. ജനകോടികളുടെ പ്രതീക്ഷയായി അദ്ദേഹം മാറിയിരിക്കുന്നു. അതെ ഇന്ന് ഇന്ത്യ വിധിയെഴുതിയിരിക്കുന്നു – നരേന്ദ്ര ദാമോദര്‍ ദാസ് മോദിയാണ് ശരി.
Post Your Comments