NewsIndia

തെരഞ്ഞെടുപ്പ് വിജയം; മോദിക്ക് ഒരു വെടിക്ക് രണ്ട്, മൂന്ന് അല്ല നാല് പക്ഷികള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വന്‍ വിജയം വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നേടിയത് നാലു ലക്ഷ്യങ്ങള്‍. ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി പിന്നോക്കമാണെന്ന സൂചനകള്‍ വന്നെങ്കിലും പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും ചേര്‍ന്ന് ഒരുക്കിയ ശക്തമായ തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് ചരിത്രവിജയം സമ്മാനിക്കുകയായിരുന്നു. ഈ വിജയം വഴി മോദി – അമിത് ഷാ സഖ്യം സ്വന്തമാക്കിയത് വളരെ നിര്‍ണായകമായ വിജയമാണ്; പാര്‍ട്ടിക്ക് അകത്തും പുറത്തും.

എതാനും മാസത്തിനുള്ളില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തീരുമാനിക്കുന്ന സ്ഥാനാര്‍ഥി ജയിക്കും എന്നതാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നേടിയ ഏറ്റവും നിര്‍ണായകമായ നേട്ടം. യുിപിയില്‍ നേടിയ നാലില്‍ മൂന്നു ഭൂരിപക്ഷം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാന് നല്‍കുന്ന മേല്‍ക്കൈ ചെറുതല്ല. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മാത്രമല്ല ജനസംഖ്യ കൂടുതലുള്ളതിനാല്‍ ഇവിടുത്തെ എംഎല്‍എമാരുടെ വോട്ടിന് മൂല്യവും കൂടുതലാണ്. ഇക്കാരണംകൊണ്ട് തന്നെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയമാണ് ഉത്തര്‍പ്രദേശിലെ വിജയം ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും നല്‍കിയിരിക്കുന്നത്.

ഈ വിജയം പാര്‍ട്ടിയില്‍ മോദിയെ വീണ്ടും ശക്തനാക്കി. ഉത്തര്‍പ്രദേശില്‍ പ്രചാരണഘട്ടത്തിന്റെ അവസാനഘട്ടത്തില്‍ മോദി -അമിത് ഷാ കൂട്ടുകെട്ടിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം തുടങ്ങിയിരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗത്തിന് ബിജെപി ടിക്കറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായ മുക്താര്‍ അബ്ബാസ് നഖ്‌വി, ഉമാ ഭാരതി തുടങ്ങിയവരും ഇവരെ പിന്തുണച്ച് മുതിര്‍ന്ന നേതാവും ആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ് സിംഗും എത്തിയത് ബിജെപിയില്‍ മോദിക്കെതിരേ തുടങ്ങിയ നീക്കത്തിന്റെ ഭാഗമായിരുന്നു. പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ അഖിലേഷ് യാദവ് – രാഹുല്‍ ഗാന്ധി കൂട്ടുകെട്ട് ശക്തമാകുന്നുവെന്നും എസ് പി -കോണ്‍ഗ്രസ് കൂട്ടുകെട്ട് മുന്നേറുന്നുവെന്നും വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് ഒരു വിഭാഗം നേതാക്കള്‍ മോദിക്കും അദ്ദേഹത്തിന്റെ വിശ്വസ്തന്‍ അമിത് ഷായ്ക്കുമെതിരേ രംഗത്തുവന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നാലില്‍ മൂന്നു ഭൂരിപക്ഷം ബിജെപി നേടിയതോടെ പാര്‍ട്ടിയെ വിമതശബ്ദവും അടങ്ങി. ഇനി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയില്‍ ആരും മോദി – അമിത്ഷാ കൂട്ടുകെട്ടിനെതിരേ രംഗത്തുവരില്ലെന്ന് ഉറപ്പായി.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് ഇതിനകം തന്നെ വിലയിരുത്തപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് മോദിക്കും സംഘത്തിനും രൂപം നല്‍കാം. സര്‍ക്കാരിലും പാര്‍ട്ടിയിലും ഇത് മോദിക്ക് നല്‍കുന്ന മേല്‍ക്ക ചില്ലറയല്ല. കേന്ദ്രസര്‍ക്കാര്‍ ഇനി നടപ്പാക്കാന്‍ പോകുന്ന പദ്ധതികളിലും പാര്‍ട്ടിയില്‍ നടത്തുന്ന പരിഷ്‌കാരങ്ങളിലും മോദി -അമിത് ഷാ സഖ്യത്തെ ചോദ്യം ചെയ്യാന്‍ ആരുമുണ്ടാകില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തീരുമാനിക്കുന്നതുപോലെയാകും സ്ഥാനാര്‍ഥിപ്പട്ടികയും പാര്‍ട്ടിയുടെ നയപരിപാടികളും.

ഉത്തര്‍പ്രദേശില്‍ പുതുതായി ചിറകുമുളയ്ക്കാന്‍ സാധ്യതയുണ്ടായിരുന്ന പുതിയ രാഷ്ട്രീയ ധ്രുവീകരണത്തെ ഈ വന്‍ വിജയത്തോടെ മോദി തകര്‍ത്തു കളഞ്ഞു. സംസ്ഥാനത്ത് വന്‍ സാന്നിധ്യമായ സമാജ്് വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി കൈകോര്‍ത്ത് നടത്തിയ രാഷ്ട്രീയ പരീക്ഷണം മുളയിലേ നുള്ളാനും മോദിക്കും അമിത് ഷായ്ക്കും കഴിഞ്ഞു. ഗുജറാത്തുകാരായ ഇരുവരും ഉത്തര്‍പ്രദേശിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധവവും അടഞ്ഞു. ഇനി സംസ്ഥാനത്തെ രാഷ്ട്രീയ നിന്ത്രണം പൂര്‍ണമായും ഇവരുടെ കൈകളിലായിരിക്കും. അഖിലേഷ് യാദവ് – രാഹുല്‍ ഗാന്ധി കൂട്ടുകെട്ട് പൊളിഞ്ഞതോടെ സംസ്ഥാനത്തെ എതിരാളികളെ തീര്‍ത്തും നിശബ്ദരാക്കാനും മോദിക്ക് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button