കൊച്ചി മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ ദിവസം ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനു പിന്നില്‍ ക്വട്ടേഷന്‍ ആണെന്നതിനു വ്യക്തമായ വിവരങ്ങള്‍ പുറത്ത്. ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍വടികളുമായി മറൈന്‍ ഡ്രൈവിലേക്ക് പ്രകടനമായി എത്തുന്ന വിവരം മാധ്യമങ്ങളെയും പൊലീസിനെയും മുന്‍കൂട്ടി അറിയിച്ചിരുന്നു. എന്നാല്‍ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമേ പ്രകടന സമയത്ത് മറൈന്‍ ഡ്രൈവില്‍ ഉണ്ടായിരുന്നുള്ളൂ. ശിവസേന പ്രവര്‍ത്തകര്‍ ചൂരലുമായി മറൈന്‍ ഡ്രൈവിലെ പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന യുവതീ യുവാക്കളെ അടിച്ചോടിക്കുമ്പോഴും അസഭ്യം പറയുമ്പോഴും പൊലീസ് നിഷ്‌ക്രീയരായി നോക്കി നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും പൊലീസുകാരെ എ.ആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
സംഭവ സമയത്ത് പൊലീസ് നിഷ്‌ക്രീയമായതും ഉന്നത ഉദ്യോഗസ്ഥരോ കൂടുതല്‍ പൊലീസുകാരോ അവിടെ എത്താതിരുന്നതും പൊലീസ് തലത്തില്‍ മുന്‍കൂട്ടിയുള്ള തീരുമാനപ്രകാരമാണെന്നാണ് സൂചന. മറൈന്‍ ഡ്രൈവിലെ സദാചാര ലംഘനം അവസാനിപ്പിക്കുന്നതിനു ചിലര്‍ അവരെ ചുമതല ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. മറൈന്‍ ഡ്രൈവിന് സമീപത്തെ ഫ്‌ളാറ്റുകളിലെ അസോസിയേഷന്‍ ഭാരവാഹികളും ഇതേ ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഈ ക്വട്ടേഷനു പിന്നില്‍. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം മറൈന്‍ ഡ്രൈവിലെ ചില കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതായും അതുമൂലം ഫ്‌ളാറ്റുകളിലെ ബാല്‍ക്കണിയില്‍പോലും നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ചില കുടുംബങ്ങള്‍ ബന്ധപ്പെട്ട ഫ്‌ളാറ്റുകളിലെ റെസിഡന്റ്‌സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് മറൈന്‍ ഡ്രൈവില്‍ ആസ്വദിക്കാനെത്തുന്ന കമിതാക്കളെ അടിച്ചോടിക്കാന്‍ തീരുമാനിച്ചത്. ഇതിനായി നേരത്തെ തന്നെ അവര്‍ ആലോചന നടത്തിയിരുന്നു.
യുവതീ യുവാക്കളെ വിരട്ടിവിടാന്‍ പിങ്ക് പൊലീസിനെ ആദ്യം നിയോഗിച്ചെങ്കിലും ഇതിനെ പാര്‍ക്കില്‍ എത്തിവര്‍ ചോദ്യം ചെയ്തതോടെ പിങ്ക് പൊലീസ് പിന്‍മാറി. ഈ സാഹചര്യത്തിലാണ് ഏതെങ്കിലും സംഘടനയുടെ സഹായം തേടാന്‍ തീരുമാനിച്ചത്. ചില പൊലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധി തന്നെയാണ് ശിവസേനക്കാരെ വിഷയത്തില്‍ ബന്ധപ്പെടാന്‍ നിയോഗിച്ചതിനു പിന്നിലും. ചില മാതാപിതാക്കള്‍ തങ്ങളുടെ ഓഫീസില്‍ വന്നു പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് മറൈന്‍ ഡ്രൈവിലേക്ക് പ്രകടനം നടത്തിയതെന്നു അറസ്റ്റിലായ ശിവസേന പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് മാതാപിതാക്കളല്ല, പൊലീസ് ഉദ്യോഗസ്ഥരും മറൈന്‍ ഡ്രൈവ് ഫ്‌ളാറ്റുകളിലെ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമാണെന്നാണ് ശിവസേന നേതാക്കള്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.
Post Your Comments