ദോഹ : ഇന്ത്യയില്‍ നൂറുശതമാനം വിദേശ നിക്ഷേപത്തോടെ വിമാനക്കമ്പനി രൂപീകരിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് ശ്രമം തുടങ്ങി. നൂറു വിമാനങ്ങളുമായി ആഭ്യന്തര വിമാന സര്‍വീസാണു ലക്ഷ്യമിടുന്നതെന്നു ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍ ബെര്‍ലിനില്‍ പറഞ്ഞു. വൈകാതെ ഇതു സംബന്ധിച്ച അപേക്ഷ ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയില്‍ മുതല്‍ മുടക്കുന്നതിനു സഹായകരമായാണു കഴിഞ്ഞ വര്‍ഷം നിയമം ഭേദഗതി ചെയ്തത്. ഖത്തര്‍ സര്‍ക്കാരിന്റെ നിക്ഷേപ വിഭാഗമായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യുഐഎ)യുടെ പങ്കാളിത്തത്തോടെ നൂറുശതമാനം വിദേശ നിക്ഷേപമുള്ള കമ്പനി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അല്‍ ബേക്കര്‍ പറഞ്ഞു.
ഇറ്റലിയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ മെരിഡിയാനയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം നേടാനുള്ള ശ്രമത്തിലാണു ഖത്തര്‍ എയര്‍വേയ്‌സ്. ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയില്‍ മുതല്‍ മുടക്കാന്‍ നേരത്തേ ഖത്തര്‍ എയര്‍വെയ്‌സ് താല്‍പര്യം കാട്ടിയെങ്കിലും ഇതു വിജയിച്ചില്ല.
തുടര്‍ന്നാണു പൂര്‍ണ വിദേശ നിക്ഷേപത്തോടെയുള്ള പുതിയ കമ്പനിക്കുള്ള ശ്രമം ആരംഭിച്ചത്. ഖത്തറില്‍ നിന്നു ഇന്ത്യയിലേക്കു കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
പകരം പുതിയ വിമാനക്കമ്പനി തുടങ്ങുകയോ നിലവിലെ ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ നിക്ഷേപം നടത്തുകയോ ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. അബുദാബിയിലെ എത്തിഹാദ് എയര്‍വേയ്‌സിന് ഇന്ത്യന്‍ കമ്പനിയായ ജെറ്റ് എയര്‍വേയ്‌സില്‍ 24% ഓഹരി പങ്കാളിത്തമുണ്ട്.
നിലവില്‍ മറ്റു ഗള്‍ഫ് വിമാനക്കമ്പനികളേക്കാള്‍ പകുതിയില്‍ താഴെ സീറ്റുകളാണു ഖത്തര്‍ എയര്‍വേയ്‌സിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. പുതിയ ആഭ്യന്തര വിമാനക്കമ്പനി ആരംഭിച്ചാല്‍ പിന്നീട് വിദേശ വിമാന സര്‍വീസിനുള്ള അനുമതിയും ലഭിക്കുമെന്നാണു പ്രതീക്ഷ.
Post Your Comments