ന്യൂഡല്‍ഹി: പന്ത്രണ്ടു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ലക്‌നോവിലെ ഠാക്കൂര്‍ഗഞ്ചിലെ വീട്ടില്‍ തങ്ങിയിരുന്ന ഐഎസ് ഭീകരനെ വധിച്ച ശേഷം വീടു പരിശോധിച്ച യുപി ഭീകരവിരുദ്ധ സേന ഞെട്ടി. ചെറിയൊരു ആയുധപ്പുരതന്നെയായിരുന്നു ഇയാള്‍ തങ്ങിയിരുന്ന വീട്. എട്ടു തോക്കുകള്‍, 650 വെടിയുണ്ടകള്‍, മറ്റ് വെടിക്കോപ്പുകള്‍, 50 ഫയര്‍ റൗണ്ട്‌സ്, സ്‌ഫോടക വസ്തുക്കള്‍, ഐഎസ് പതാക, നിരവധി കത്തികള്‍ എന്നവിയാണ് ഭീകരന്റെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതുകൂടാതെ സ്വര്‍ണം, കറന്‍സികള്‍, പാസ്‌പോര്‍ട്ടുകള്‍, സിം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, വോക്കി ടോക്കി, റെയില്‍വേ മാപ്പ് തുടങ്ങി നിരവധി വസ്തുക്കളാണ് സുരക്ഷാസേന പിടിച്ചെടുത്തത്.
തെലുങ്കാന പോലീസാണ് ഐഎസ് ഭീകരനെ സംബന്ധിച്ച വിവരം ഭീകര വിരുദ്ധ സേനയ്ക്ക് നല്‍കിയത്. ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകര വിരുദ്ധ സേന പിടികൂടാന്‍ വീടു വളഞ്ഞപ്പോള്‍ സുരക്ഷാസേനയ്‌ക്കെതിരേ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ നടന്നത്. മുഹമ്മദ് സയ്ഫറുള്ള എന്നയാളാണ് വധിക്കപ്പെട്ട ഭീകരനെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നിലധികം ഭീകരര്‍ ഉണ്ടെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരാള്‍ മാത്രമെ കെട്ടിടത്തില്‍ ഉണ്ടായിരുന്നുള്ളു.
ചൊവ്വാഴ്ച ഭോപ്പാല്‍ ഉജ്ജൈയ്ന്‍ പാസഞ്ചര്‍ ട്രെയിന്‍ സ്‌ഫോടനവുമായി കൊല്ലപ്പെട്ട ഭീകരന് ബന്ധമുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തില്‍ 10 യാത്രക്കാര്‍ക്കു പരിക്കേറ്റിരുന്നു. മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. സ്‌ഫോടനം ഭീകരാക്രമണമാണെന്നും ഇതിന് ഐഎസ് പങ്കുണ്ടെന്നും വ്യക്തമാക്കുന്ന സൂചനകള്‍ തെലുങ്കാന പോലീസിനാണ് ലഭിച്ചത്. ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ച ബോംബിന്റെ ചിത്രം ഭീകരരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പോലീസിന് അയച്ചു നല്‍കിയിരുന്നു.
Post Your Comments