തിരുവനന്തപുരം: സപ്ലൈകോയുടെ ആന്ധ്ര അരിയെത്തി. അരിവില വർധിച്ച സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ ആന്ധ്ര അരിയെത്തി. കിലോയ്ക്ക് 42 രൂപയാണ് വില. ഇത് മുന്തിയ ഇനം ജയ അരിയാണ്. അതിനാൽ ഇതിലും വില കുറച്ചു വിൽക്കാനാകില്ലെന്നു ഭക്ഷ്യമന്ത്രി പറഞ്ഞു. അതേസമയം പൊതുവിപണിയിൽ ജയ അരിക്ക് 54 രൂപയായി.
88 ടൺ അരിയാണ് തിരുവനന്തപുരത്തിനു പുറമെ കോട്ടയം, തൃപ്പൂണിത്തുറ, കൊട്ടാരക്കര എന്നിവിടങ്ങളിലായി എത്തിച്ചിരിക്കുന്നത്. അടുത്ത ദിവസം മുതൽ മാവേലി സ്റ്റോർ അടക്കം സപ്ലൈകോയുടെ എല്ലാ വിതരണ കേന്ദ്രത്തിലും ലളിത ബ്രാൻഡ് ജയ അരി ലഭിക്കും. ടെൻഡറില്ലാതെ നേരിട്ടെടുത്ത അരിയായതിനാലും മുന്തിയ ഇനമായതിനാലും ഇതിലും വിലകുറച്ചു വിതരണം ചെയ്യാനാവില്ലെന്ന് ഭക്ഷ്യമന്ത്രി. 25 രൂപയ്ക്കുള്ള ജയ അരി നിലവിൽ വിതരണം ചെയ്യുന്നുണ്ടല്ലോയെന്നും മന്ത്രി ന്യായീകരിക്കുന്നു.
ഗുണനിലവാരം കുറഞ്ഞ ജയ അരിയാണ് അരിക്കടകൾ വഴി വിതരണം ചെയ്യുന്നതെന്ന ആക്ഷേപം നിലനിൽക്കെയാണു മന്ത്രിയുടെ പ്രസ്താവന. 1000 ടൺ ലളിത ബ്രാൻഡ് അരിക്കാണ് ആന്ധ്രയിൽ ഒാർഡർ നൽകിയിരിക്കുന്നത്. അതേസമയം, ഒരാഴ്ചയ്ക്കിടെ ജയ അരിക്കു പൊതുവിപണിയിൽ എട്ടുരൂപയാണു കൂടിയത്. ഈ സാഹചര്യത്തിൽ കൂടിയ അരിയെത്തിച്ചാൽ എത്രത്തോളം വിപണിവില പിടിച്ചുനിർത്താനാകുമെന്നും സംശയമുണ്ട്.
Post Your Comments