NewsIndia

ടി.പി.സെന്‍കുമാറിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് തിരിച്ചടി നല്‍കി കേന്ദ്രസര്‍ക്കാര്‍ : ടി.പി.സെന്‍ കുമാര്‍ ഉന്നത സ്ഥാനത്തേയ്‌ക്കെന്ന് സൂചന

ന്യൂഡല്‍ഹി: ടി പി സെന്‍കുമാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നത പദവിയിലേക്ക് പരിഗണിക്കുമെന്ന് സൂചന . കേരള പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ അനുകൂല തീരുമാനമുണ്ടായാലും ജൂണ്‍ ആദ്യവാരം വരെ മാത്രമേ അദ്ദേഹത്തിന് സര്‍വ്വീസില്‍ തുടരാന്‍ സാധിക്കുകയുള്ളൂ.
1983 ഐ.പി.എസ് ബാച്ചുകാരനായ സെന്‍കുമാര്‍ ജൂണ്‍ 10നാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.
കഴിഞ്ഞ ദിവസം കോടതി സെന്‍കുമാറിനെ നീക്കിയ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചതിനാല്‍ അന്തിമ വിധി അദ്ദേഹത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടത് സര്‍ക്കാറിന്റെ പകപോക്കലിന്റെ ഭാഗമായാണ് സെന്‍കുമാറിന്റെ സ്ഥാനം തെറിക്കാന്‍ കാരണമായത് എന്നതിനാല്‍ ആര്‍എസ്എസ് ബിജെപി കേന്ദ്ര നേതൃത്വങ്ങള്‍ക്ക് സെന്‍കുമാര്‍ വിരമിച്ചാലും നല്ലൊരു പദവി നല്‍കണമെന്ന ആഗ്രഹമുണ്ട്.
ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായിയെ അടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തി കൊണ്ട് സുപ്രീം കോടതിയില്‍ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയും സംഘപരിവാര്‍ നേതൃത്വത്തെ സന്തോഷിപ്പിച്ചിട്ടുണ്ട്.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ സെന്‍കുമാറിനെ സ്ഥലം മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നതും ശ്രദ്ധേയമാണ്.
സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്നും പൊലീസ് സംവിധാനത്തെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ തെളിവാണ് അദ്ദേഹത്തെ പുറത്താക്കിയ നടപടിയെന്നുമാണ് ആര്‍എസ്എസ് മുഖപത്രം ആരോപിക്കുന്നത്.

സെന്‍കുമാറിന് അനുകൂലമായി നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പരസ്യമായി രംഗത്ത് വന്നിരുന്നു.

സെന്‍കുമാറിന്റെ ആരോപണങ്ങള്‍ പിണറായിക്കെതിരായ പ്രതിഷേധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി ) അംഗമായി സെന്‍കുമാറിനെ ശുപാര്‍ശ ചെയ്തുള്ള സമിതിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഒപ്പുവയ്ക്കാത്തതിനാല്‍ ഫയല്‍ ‘ത്രിശങ്കുവിലാണ്’.
ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലോ മറ്റോ ഏതെങ്കിലും ഒരു പദവിയില്‍ അദ്ദേഹത്തിന് നിയമനം നല്‍കണമെന്ന താല്‍പര്യം ആര്‍.എസ്.എസ് ബിജെപി കേന്ദ്ര നേതൃത്വങ്ങള്‍ക്കുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ സെന്‍കുമാറിന്റെ നിലപാടാണ് നിര്‍ണ്ണായകമാവുക.
സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത രണ്ട് കേരള കേഡര്‍ ഐ പി എസ് ഓഫീസര്‍മാര്‍ ഇപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാറില്‍ സുപ്രധാനമായ പദവി വഹിക്കുന്നുണ്ട്.

1968 ബാച്ചുകാരനായ അജിത്ത് കുമാര്‍ ദോവലും 1976 ബാച്ചിലെ ആര്‍ എന്‍ രവിയും.
ദോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും രവി ജോയന്റ് ഇന്റലിജന്‍സ് കമ്മറ്റി ചെയര്‍മാനുമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ ദോവലുമായി വളരെ അടുത്ത സൗഹൃദമാണ് സെന്‍കുമാറിനുള്ളത്.

ഇക്കാരണത്താല്‍ തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒരു പ്രഥമ സ്ഥാനം സെന്‍കുമാറിന് പ്രതീക്ഷിക്കാം.

shortlink

Post Your Comments


Back to top button