NewsIndia

പിണറായിക്ക് തെലുങ്കാനയിലും എതിര്‍പ്പ്; തടയണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ

ഹൈദരാബാദ്: മംഗലാപുരത്ത് പിണറായി വിജയന്‍ പ്രസംഗിക്കുന്നത് തടയുമെന്ന് ഒരു സംംഘം ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചത് വിവാദമായതിന് പിന്നാലെ ഹൈദരാബാദില്‍ നിന്നും കേരളാ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് എതിര്‍പ്പ്.

തെലുങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിംഗാണ് പിണറായിക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. തെലുങ്കാനയില്‍ മാര്‍ച്ച് 19 നാണ് സിപിഎം സമ്മേളനം നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിന് പിണറായി വിജയന് അനുമതി നല്‍കരുതെന്നും തടയണമെന്നുമാണ് ഗോഷാമഹലില്‍ നിന്നുള്ള എംഎല്‍എയായ രാജാസിംഗിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെലുങ്കാന സര്‍ക്കാരിനും പോലീസിനും സിംഗ് കത്ത് നല്‍കിയിട്ടുണ്ട്.

ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ കേരളത്തില്‍ ഇടതുസര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊന്നൊടുക്കുകയാണെന്നു രാജാസിംഗ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. ആ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഹൈദരാബാദ് സന്ദര്‍ശിക്കുമ്പോള്‍ നാം നിശബ്ദരായിരിക്കുന്നതെങ്ങനെയെന്നും സിംഗ് ചോദിക്കുന്നു.

പരിപാടി സംഘടിപ്പിക്കുന്ന സിപിഎമ്മിനോടോ സിപിഐയോടോ എതിര്‍പ്പില്ല. ഇതില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് സിംഗ് വ്യക്തമാക്കി. പിണറായി യോഗത്തില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയാല്‍ അതേവേദിയില്‍ സമാന്തരമായി മറ്റൊരു യോഗം നടത്താന്‍ തനിക്കും അനുമതി വേണമെന്ന് രാജാസിംഗ് ആവശ്യപ്പെട്ടു.

സാമൂഹ്യനീതിയും സമഗ്രവികസനവും ഉറപ്പുവരുത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ 28 ന് ആരംഭിച്ച മഹാജനപദയാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള പരിപാടിയാണ് ഹൈദരാബാദില്‍ 19 ന് നടക്കുന്നത്.

പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button