ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളായ 50 സ്ത്രീകള്‍ എഴുതിയ പുസ്തകം അരങ്ങിലേക്കെത്തുന്നു. ഡി സിയുടെ പബ്‌ളിക്കേഷന്‍ വിഭാഗമായ ലിറ്റ്മസ് പുറത്തിറക്കുന്ന ‘അടുക്കള പുസ്തകം’ എഴുതിയിരിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം പരിചയപ്പെട്ട 50 സ്ത്രീകളാണ്. മാര്‍ച്ച് 7 നു വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ്സ്‌ക്ലബിലാണ് പുസ്തക പ്രകാശനം. ഡോ ടി എന്‍ സീമയാണ് പുസ്തകത്തിനു അവതാരിക എഴുതിയത്. സോഷ്യല്‍ മീഡിയയില്‍ ആദ്യമായി മലയാളി സ്ത്രീകള്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ സംവാദങ്ങള്‍ക്കായി ഒരു സ്വകാര്യ ഇടം കണ്ടത്തെുകയും ചെയ്ത മനോഹരവും അതേ സമയം ധീരവുമായ നിമിഷത്തിന്റെ രേഖപ്പെടുത്തലാണ് ഈ പുസ്തകം.
2016 മാര്‍ച്ച് എട്ടിനു വനിതാദിനത്തിലാണ് അടുക്കള പുസ്തകം അഥവാ ഫ്രം ദ ഗ്രാനൈറ്റ് ടോപ്പെന്ന സോഷ്യല്‍ മീഡിയ കൂട്ടയ്മയുടെ തുടക്കം. ലോകത്തെമ്പാടുമുള്ള മലയാളി സ്ത്രീകളായിരുന്നു അംഗങ്ങള്‍. പലരും സോഷ്യല്‍ മീഡിയ വെറും വായനക്കായി മാത്രം ഉപയോഗിക്കുന്ന വീട്ടമ്മമാര്‍. ഗ്രൂപ്പില്‍ വന്നതോടെ മിക്കവരും ആദ്യമായി എഴുതി തുടങ്ങി. അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങി. ഇതിനായി മലയാളം ടൈപ്പിങ് പഠിച്ചു. ഗ്രൂപ്പില്‍ നിന്നും എല്ലാവരും മെല്ലെ പബ്ലിക് വാളിലേക്കിറങ്ങി. ഓണ്‍ലൈനുകളില്‍ ലേഖനങ്ങളെഴുതാന്‍ പലര്‍ക്കും അവസരവും ട്രെയിനിങ്ങും നല്‍കി. പലരും ആദ്യമായിത്തന്നെ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന , അഭിപ്രായങ്ങള്‍ പറയുന്ന, എഴുതുന്ന പലരും എഴുതി തുടങ്ങിയത് ഈ കൂട്ടായ്മ നല്‍കിയ സ്‌നേഹത്തിലും സൗഹൃദത്തിലുമായിരുന്നു. എഴുതിതെളിഞ്ഞവര്‍ കൂട്ടായ്മക്കു പുറത്തേക്കു പോയി. പുതിയ പലരും വന്നു.. ഒരു പുഴയൊഴുകും പോലെ അതു നടന്നുകൊണ്ടേയിരിക്കുന്നു.
സ്ത്രീകള്‍ എത്ര ചെറിയ കാര്യം ചെയ്യുന്നതും വളരെ കഷ്ടപ്പെട്ടിട്ടാണ് എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. ഇന്നും 2017ലും നന്നായി കഷ്ടപ്പെട്ടിട്ടും ഇരട്ടി പാടുപെട്ടിട്ടുമാണ് ഓരോ സ്ത്രീയും ഓരോ വിജയം കൊയ്യുന്നത്. വ്യക്തിമുദ്ര പതിപ്പിക്കുന്നത്. സ്ത്രീക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നതില്‍ ഇന്ന് സോഷ്യല്‍ മീഡിയ വലിയ പങ്ക് വഹിക്കുന്നു. അവനവനു പറയാനുള്ളത് എഴുതിയിടാന്‍ അവള്‍ക്കും ഇടമുണ്ട്. നന്നായി എഴുതിയാല്‍ വായിക്കാന്‍ ആളുമുണ്ട്. വീടിന്റെ അകത്തളങ്ങളിലും അയല്‍ക്കൂട്ടത്തിലും ഒതുങ്ങി പോയിരുന്ന ശബ്ദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയയിലും സ്ത്രീയുടെ അതിജീവനം കടുപ്പം തന്നെയാണ്. സൈബര്‍ ആക്രമണവും സൈബര്‍ സംരക്ഷണവും ഒരേ സമയം അവള്‍ അനുഭവിക്കുന്നുണ്ട്. എങ്കിലും തന്റെ അഭിപ്രായം ഉച്ചത്തില്‍ വിളിച്ചു പറയാന്‍, സൈബറിടത്തില്‍ തന്റെ ഇടം രേഖപ്പെടുത്താന്‍ അവള്‍ മടിക്കുന്നില്ല.
സ്ത്രീ കൂട്ടായ്മ എന്നു കേട്ടപ്പോള്‍ പലരും ആകാംഷയോടെ നിരന്തരം ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു. സ്ത്രീകള്‍ കൂടുമ്പോള്‍ നിങ്ങള്‍ എന്താണ് സംസാരിക്കുക എന്ന്. ഗ്രൂപ്പിനകത്ത് എന്തു നടക്കുന്നുവെന്ന് പുറത്തറിയിക്കാന്‍ ഫ്രം ദ ഗ്രാനൈറ്റ് ടോപ്പ് എന്ന ഒരു പബ്ലിക് പേജും പിന്നോക്ക മേഖലയില്‍ പുസ്തകവിതരണവും വായനാശാലകളും സ്ഥാപിക്കാന്‍ പുസ്തശാല എന്നൊരു സംരംഭവും ഗ്രൂപ്പിന്റെ ചില അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ്. ഗ്രൂപ്പില്‍ ഭൂമിക്കു മുകളിലും ആകാശത്തിനു താഴെയുമുള്ള സകലതും സ്ത്രീകള്‍ ചര്‍ച്ച ചെയ്തു. സ്ത്രീ ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍, സമകാലീന രാഷ്ട്രീയം, ജീവിതത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും കടന്നു കയറുന്ന മതം, സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ പ്രസക്തി, വരുംകാലത്തിന്റെ രാഷ്ട്രീയത്തിനും ആവശ്യകതക്കും ഒപ്പം തോളോടു തോള്‍ ചേര്‍ന്നു നടക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി പലരുടേയും ചിന്തകള്‍ പോലും വിപ്ലവകരവും സാമൂഹ്യമാറ്റത്തിന് ഉതകുന്നതുമായിരുന്നു. ഭൂതകാലവും കഴിഞ്ഞകാല നൊസ്റ്റാള്‍ജിയയുമല്ല അവര്‍ ചര്‍ച്ച ചെയ്യുന്നത്, വര്‍ത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും വരുംകാലത്തിന്റെ ആവശ്യങ്ങളും സ്വപ്നങ്ങളുമാണ്.
Post Your Comments