ന്യൂഡല്‍ഹി : ഉറി ഭീകരരുടെ സഹായികളായ പാകിസ്ഥാന്‍ പൗരന്‍മാരെ വിട്ടയക്കാന്‍ ഇന്ത്യയുടെ തീരുമാനം .പെണ്‍കുട്ടിയെ ശല്യം ചെയ്തതിന്റെ പേരില്‍ പേടിച്ചോടി അബദ്ധത്തില്‍ അതിര്‍ത്തി കടന്നവരാണ് ഉറി തീവ്രവാദികളെ സഹായിച്ചുവെന്ന പേരില്‍ പിടിയിലായ പാക് വിദ്യാര്‍ത്ഥികളെന്നും അവര്‍ ഭീകരരെ സഹായിച്ചിട്ടില്ലെന്നും എന്‍.ഐ. എ.
തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ നിന്നാണ് ഉറി ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ പാക് വിദ്യാര്‍ത്ഥികള്‍ സഹായിച്ചിട്ടില്ലെന്ന നിഗമനത്തില്‍ എന്‍.ഐ.എ എത്തിച്ചേര്‍ന്നത്.
തങ്ങള്‍ ശല്യം ചെയ്ത പെണ്‍കുട്ടികളുടെ വീട്ടുകാര്‍ മര്‍ദിക്കുമെന്ന ഭയത്താലാണ് സഹപാഠികളായ ഫൈസല്‍ ഹുസൈന്‍ അവാനും,അഹസാന്‍ ഖുര്‍ഷിദും പാക് അധീന കശ്മീരിലെ വീടുകളില്‍ നിന്ന് ഒളിച്ചോടിയതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉറി ഭീകരാക്രമണം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് ഇവര്‍ നിയന്ത്രണ രേഖ അബദ്ധത്തില്‍ കടന്ന് ഇന്ത്യയില്‍ എത്തുന്നത്.
എന്നാല്‍ ഉറിയിലെ സൈനിക ക്യാമ്പിന്റെ പരിസരത്ത് കണ്ട വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രദേശവാസികള്‍ അവരെ കയ്യേറ്റം ചെയ്യുകയും പട്ടാളത്തിന് കൈമാറുകയുമായിരുന്നു. ആദ്യത്തെ ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിലും ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ തങ്ങള്‍ സഹായിച്ചു എന്ന നിലപാടിലായിരുന്നു കുട്ടികള്‍. . എന്നാല്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തതിന്റെ പേരില്‍ വീണ്ടും മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭയമാണ് തെറ്റാവര്‍ത്തിച്ചു പറയാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്നും എന്‍ ഐ എ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ സമര്‍പ്പിച്ച കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ ജമ്മു കോടതിയില്‍ അപേക്ഷ നല്‍കി. കോടതി എന്‍.ഐ.എ യുടെ അപേക്ഷ സ്വീകരിച്ചാള്‍ ഇരുവര്‍ക്കും തങ്ങളുടെ വീടുകളിലേക്ക് മടങ്ങാം. മാത്രമല്ല കുട്ടികള്‍ വീടു വിട്ടതിന്റെ കാരണം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കില്ലെന്നും എന്‍.ഐ.എ അറിയിച്ചു.
Post Your Comments