ബെയ്‌ജിങ്: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് ശക്തിയായ ചൈന വൻ തളർച്ചയിലേക്ക് വീഴുന്നതായി റിപ്പോർട്ട്. 6.5 ശതമാനം വളർച്ചയാണ് 2017ൽ രാജ്യം പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ലി കെചിയാങ് ഇന്നലെ പറഞ്ഞു. കഴിഞ്ഞ 25 വർഷത്തെ കണക്കനുസരിച്ച് ഏറ്റവും മോശം വളർച്ചയായിരിക്കുമത്. കഴിഞ്ഞവർഷവും 6.5 ശതമാനം മുതൽ ഏഴ് ശതമാനം വരെ വളർച്ചയാണ് ചൈന ലക്ഷ്യമിട്ടത്. 6.7 ശതമാനം വളർച്ച നേടുകയും ചെയ്തു. ഇന്ത്യ കഴിഞ്ഞ വർഷം ലോകത്ത് അതിവേഗ വളർച്ച നേടുന്ന രാജ്യമെന്ന ബഹുമതി സ്വന്തമാക്കുകയും കഴിഞ്ഞവർഷം ചൈനയെ പിന്നിലാക്കുകയും ചെയ്തു.
ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം നിലനിന്നിട്ടും ഇന്ത്യയ്ക്ക് 7.6 ശതമാനം വളർച്ച നേടാൻ കഴിഞ്ഞു. കേന്ദ്ര സർക്കാർ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച കഴിഞ്ഞ സാമ്പത്തിക പാദത്തിലും ഏഴ് ശതമാനം വളർച്ച ഇന്ത്യ നേടി. ഈ വർഷം 7.1 ശതമാനം വളർച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചാ പ്രതീക്ഷ കുറയ്ക്കാൻ ചൈനീസ് സർക്കാരിനെ നിർബന്ധിതരാക്കിയത് സർക്കാരിന്റെ ചെലവുകൾ ക്രമാതീതമായി കൂടിയതാണ്. ഈവർഷം ചെലവുകൾ കുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ, ധനക്കമ്മി ജി.ഡി.പിയുടെ മൂന്ന് ശതമാനം തന്നെയായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.
Post Your Comments