KeralaNews

വൈദികന്റെ പീഡനം: വയനാട് ശിശുക്ഷേമ സമിതി പിരിച്ചുവിട്ടു

കോഴിക്കോട്: ഫാ. റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ശിശുക്ഷേമ സമിതിയെ (സിഡബ്ല്യുസി) സര്‍ക്കാര്‍ പിരിച്ചു വിട്ടു.

സമിതി ചെയര്‍മാനായ ഫാ. തോമസ് തേരകം സമിതിയില്‍ അംഗമായ സിസ്റ്റര്‍ ബെറ്റി എന്നിവര്‍ പീഡനക്കേസ് മറച്ചുവയ്ക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമം തുടരുന്നതിനിടെയാണ് സമിതിയെ പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് എത്തിയത്. ഫാ. തോമസിനെയും സിസ്റ്റര്‍ ബെറ്റിയെയും കൂടാതെ മറ്റ് മൂന്നുപേര്‍ കൂടി ജില്ല ശിശുക്ഷേമ സമിതിയില്‍ അംഗങ്ങളാണ്. പിരിച്ചുവിടപ്പെട്ട സമിതിക്കു പകരം കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതിയ്ക്കായിരിക്കും വയനാടിന്റെയും ചുമതല.

ഫാ. തോമസ് തേരകം, പീഡനക്കേസിലെ പ്രധാനപ്രതി ഫാ. റോബിന്‍ വടക്കുംചേരി അംഗമായ മാനന്തവാടി രൂപതയിലെ പിആര്‍ഒയും ആയിരുന്നു. പീഡനക്കേസ് വിവാദമാകുകയും പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് റോബിന് ഫാ. തോമസ് തേരകം സഹായം ചെയ്ത വിവരം പുറത്തുവരുകയും ചെയ്തതോടെയാണ് പിആര്‍ഒ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയത്.

അതേസമയം, കേസില്‍ പ്രതിപ്പട്ടികയിലുള്ള വൈദികനെയും കന്യാസ്ത്രീകളെയും അറസ്റ്റുചെയ്യാനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ എല്ലാവരും ഒളിവിലാണ്. കന്യാസ്ത്രീ മഠത്തിലും സഭാ സ്ഥാപനങ്ങളിലും കയറി അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കപ്പെട്ടതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

shortlink

Post Your Comments


Back to top button