KeralaNews

കേരളത്തിലെ സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം ഉടന്‍

അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. ഇടതുസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചു സംസ്ഥാനത്ത് പുതിയതായി രൂപീകരിക്കുന്ന വനിതാ വകുപ്പിന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ചു ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങളിലും സൂചന ഉണ്ടായിരുന്നു. വനിതാ വകുപ്പ് രൂപീകരണം സംബന്ധിച്ചു നിയോഗിച്ച ജിതേന്ദ്രന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും ആവശ്യമായ സമഗ്രമായ നിര്‍ദേശങ്ങളാണു നൂറു പേജുള്ള റിപ്പോര്‍ട്ടിലുള്ളത്. നിലവില്‍ സാമൂഹ്യനീതി വകുപ്പാണു സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതികളും സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത്.

നിലവിലുള്ള സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, തൊഴില്‍ സ്ഥലത്തെ പീഡനങ്ങള്‍ തടയുന്നതിനുള്ള നിയമം, കുട്ടികള്‍ക്കെതിരെയുള്ള പീഡനം തടയുന്നതിനുള്ള നിയമം, ശൈശവ വിവാഹം തടയുന്നതിനുള്ള നിയമം എന്നിവ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം പുതിയ വകുപ്പിനായിരിക്കണം എന്നതാണ് പഠന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ഇതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുള്ള നയങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തവും വകുപ്പിനായിരിക്കും. സ്ത്രീസുരക്ഷയ്ക്കായുള്ള പദ്ധതികളുടെയും ജാഗ്രതാ സമിതികളുടെയും ചുമതലയും വനിതാ വകുപ്പ് കൈകാര്യം ചെയ്യും.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കു താമസം, ചികില്‍സ, നിയമസഹായം, സുരക്ഷ എന്നിവ നല്‍കുന്നതിനായി ജില്ലകളില്‍ വനിതാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും എല്ലാ സൗകര്യങ്ങളും ഈ കേന്ദ്രത്തില്‍ ഒരുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്ത്രീകളുടെ ക്ഷേമത്തിനായുള്ള വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ എന്നിവയും അനുബന്ധ സ്ഥാപനങ്ങളും വകുപ്പിനു കീഴില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.

shortlink

Post Your Comments


Back to top button