പത്തനംതിട്ട: ലോക കുറ്റാന്വേഷണ ചരിത്രത്തിലെ അത്ഭുതമായ കുറ്റവാളി സുകുമാരക്കുറിപ്പിനെത്തേടി മാര്‍ച്ച് രണ്ടിന് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 16/1989 ആയുള്ള ലോങ്പെന്‍ഡിങ് കേസുമായി ബന്ധപ്പെട്ട വാറണ്ടാണ് ഇത്.
മാവേലിക്കര പൊലീസ് ക്രൈം നമ്പര്‍ 22/84 ആയി രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതി ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍വീട്ടില്‍ ശിവരാമക്കുറുപ്പ് മകന് സുകു എന്നും സുകുമാരക്കുറുപ്പ് എന്നും വിളിക്കുന്ന സുകുമാരനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത് പ്രത്യേക അന്വേഷണ സംഘമായ തിരുവനന്തപുരം സിബിസിഐഡിയിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടറോടാണ്.
120 ബി, 302, 201, 202, 404, 34 ഐപിസി എന്നിവയാണ് ചുമത്തിയിട്ടുള്ള വകുപ്പുകള്‍. സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പൊലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഒമ്പതു വര്‍ഷം മുന്‍പ് തിരുവല്ലയില്‍ കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലില്‍ പൊലീസ് പടയുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, അയാളുടെ വീട്ടില്‍ വന്നു പോകുന്നു എന്നൊക്കെയാണ് നാട്ടുകാരുടെ സംസാരം. പക്ഷേ, പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സുകുമാര കുറുപ്പിന്റെ കഥ ഇങ്ങനെ :
1984 ജനുവരി 21 നാണ് കുറുപ്പും അളിയനും ഡ്രൈവറും ചേര്‍ന്ന് ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.
ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാള്‍ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകില്‍ കാറുള്‍പ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍, കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്.
സുകുമാരക്കുറുപ്പ് ഭാര്യയോടൊപ്പം ഏറെ വര്‍ഷം അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് വേഗത്തില്‍ പണക്കാരനാകാനുള്ള ആഗ്രഹം മനസില്‍ ഉദിച്ചത്. അതിനായി പദ്ധതി തയാറാക്കുകയാണ് പീന്നിടുണ്ടായത്. ഏകദേശം 30 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 30,1616 ദിര്‍ഹത്തിനുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസി അവിടെ അയാള്‍ എടുത്തു. തുടര്‍ന്ന്, താന്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കും. കേസിന്റെ ഫോര്മാലിറ്റി എല്ലാം കഴിയുമ്പോള്‍ വന്‍തുകയ്ക്കുള്ള ഇന്‍ഷ്വറന്‍സ് തന്റെ ഭാര്യയ്ക്ക് ലഭിക്കും…ഈ പദ്ധതി മറ്റു മൂന്നു പേരോടു കൂടി സുകുമാരക്കുറുപ്പ് പങ്കു വച്ചു.
പിന്നീട് കേസില്‍ ഒന്നാം പ്രതിയായ സുകുമാരക്കുറുപ്പിന്റെ അളിയന്, രണ്ടാം പ്രതിയായ വിശ്വസ്തനായ ഡ്രൈവര്‍, പിന്നെ അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണ്‍ എന്നിവരായിരുന്നു അത്. 1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും ഒന്നാം പ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ചെറിയനാടുള്ള സുകുമാരക്കുറുപ്പിന്റെ ഭാര്യ വീടായ ്സ്മിതഭവനില് ഒത്തുചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്തു. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കല്‍ കോളജ് ലബോറട്ടറിയില്‍ നിന്ന് അവര്‍ അല്പം ഈതര്‍ കൈക്കലാക്കി. കുറുപ്പിന്റെ നീളവും വണ്ണവും ഒത്ത ഒരു മൃതദേഹം സംഘടിപ്പിക്കാനും ശ്രമം നടന്നു. ഇതിനായി ആശുപത്രി മോര്‍ച്ചറികളും സെമിത്തേരികളും സംഘം അരിച്ചു പെറുക്കി. പക്ഷേ, ഒന്നും നടന്നില്ല. ഒടുവില്‍ കുറുപ്പിന്റെ ആകാരവടിവുള്ള ഒരാളെ കൊന്ന് കത്തിക്കാന്‍ തീരുമാനമായി.
ജനുവരി 21 ന് സംഘം ദേശീയപാതയോരത്തുള്ള ഹോട്ടല്‍ കല്പകവാടിയില് ഒത്തുചേര്‍ന്നു. സുകുമാരക്കുറുപ്പ് തന്റെ കെഎല്‍വൈ 5959 അംബാസിഡര്‍ കാറിലാണ് അവിടെ എത്തിച്ചേര്‍ന്നത്. മറ്റുള്ളവര്‍ ഒന്നാം പ്രതിയുടെ കെ.എല്‍.വൈ 7831 നമ്പര്‍ കാറിലും. കുറുപ്പ് ഒരു കാറിലും മറ്റു പ്രതികള്‍ അവര്‍ വന്ന കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു. സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഓച്ചിറ വരെ സഞ്ചരിച്ചിട്ടും അങ്ങനെ ഒരാളെ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എത്തിയപ്പോള്‍ ഒരാള്‍ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാന്‍ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാള്‍ക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാര്‍ കുറുപ്പിന്റെ കാറില്‍ ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി. യാത്രയ്ക്കിടെ ചാക്കോയ്ക്ക് മദ്യം നല്കാന് ഇവര്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിര്‍ബന്ധിച്ച് അവര്‍ ചാക്കോയെക്കൊണ്ട് ഈതര്‍ കലര്‍ത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങള്‍ക്കകം തന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വല്‍ കൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.
പിന്നീട് അവര്‍ സ്മിതാ ഭവനിലേക്ക് യാത്രയായി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവര്‍ സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ആ ശരീരത്തില്‍ ധരിപ്പിച്ചു. തുടര്‍ന്ന് അവര്‍ മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവില്‍ എത്തിയപ്പോള്‍ അവര്‍ ചാക്കോയുടെ ശരീരം എടുത്ത് ഒന്നാം പ്രതിയുടെ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയ ശേഷം സമീപത്തെ നെല്‍വയലിലേക്ക് തള്ളിവിട്ടു. അകത്തും പുറത്തും പെട്രോള്‍ തളിച്ചിരുന്ന കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടര്‍ന്നതോടെ കുറുപ്പിന്റെ കാറില്‍ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികള്‍ക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോള്‍, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാന്‍ അവര്‍ ശ്രദ്ധിച്ചുമില്ല.
പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. നാട്ടുകാര്‍ ഓടിക്കൂടി മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് ഒരു പൂര്‍ണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂണ്‍ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്സാക്ഷിയായി തെളിവ് നല്‍കുകയും ചെയ്തു. സംവങ്ങളെല്ലാംതന്നെ നടന്നതുപോലെ അയാള്‍ വിശദീകരിച്ചു. ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടി. ചാക്കോ മരിക്കുന്ന സമയത്ത് ആറുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ശാന്തമ്മയ്ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക ജോലി നല്‍കിയിരുന്നു. അടുത്ത കാലത്താണ് ഇവരുടെ മകന്റെ വിവാഹംകഴിഞ്ഞത്.
കൊലപാതക ശേഷം പലായനം ചെയ്ത സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായി. പല കഥകളും ഇതേപ്പറ്റി പ്രചരിച്ചു. വടക്കേ ഇന്ത്യയില്‍ കുറുപ്പ് ചികില്‍സയില്‍ കഴിഞ്ഞിരുന്നിടം വരെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ജോര്‍ജ് ജോസഫ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. പലതവണ കുറുപ്പ് പൊലീസ് പിടിയിലായിട്ടുണ്ടെന്നും എന്നാല്‍, അത് കുറുപ്പാണെന്ന് മനസിലാകാതെ വിട്ടയച്ചിട്ടുണ്ടെന്നും കഥകള്‍ പറയുന്നു. എന്തായാലും കുറുപ്പിന്റെ കേസ് പൊലീസും കോടതിയും ഇതു വരെ ക്ലോസ് ചെയ്തിട്ടില്ല. കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന് ബന്ധുക്കളെപ്പോലെ അവരും വിശ്വസിക്കുന്നു.
Post Your Comments