News Story

ആ കുട്ടികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച പതിനാറുകാരനെ പരിചയപ്പെടാം

യാചകവൃത്തിയിൽപെട്ട് പോകുന്ന കുട്ടികളെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന പതിനാറുകാരനെ പരിചയപ്പെടാം. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജാണ് ഈ കൗമാരക്കാരനെ ഓണ്‍ലൈന്‍ യൂസര്‍മാര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തിയത്. “ഭാവിയിൽ അദ്ധ്യാപകനായി യാചകവൃത്തിയിൽപെട്ട് പോകുന്ന കുട്ടികൾക്ക് അറിവ് പകർന്ന് അവരെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കണം, യാചകരായി ഒരൊറ്റ കുരുന്നിനേയും തെരുവില്‍ കാണരുത് എന്ന് മുംബൈയിൽ നിന്നുള്ള പതിനാറുകാരന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുകയാണ്.

ഇന്ത്യയിലുള്ള 130 കോടി ജനങ്ങളില്‍ 36 കോടി പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. സ്വന്തമായി ഒരു കൂരയില്ലാതെ തെരുവില്‍ യാചകവൃത്തി ചെയ്യുന്ന അനേകായിരം പേര്‍ രാജ്യത്തുണ്ട്. സമൂഹത്തിന്റെ അരികുകളില്‍ ഒതുക്കപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഒട്ടനവധി ഉണ്ടെങ്കിലും എല്ലാം വാക്കുകള്‍ മാത്രം. ഒന്നും യാഥാര്‍ത്ഥ്യമായി കണ്ടിട്ടില്ല. ട്രാഫിക്ക് സിഗ്നലുകളില്‍ കുട്ടികള്‍ യാചകവൃത്തി ചെയ്യുന്നത് പതിവുകാഴ്ച്ചയാണ്. ‘സ്‌കൂള്‍ പോയി പഠിക്കൂ’ എന്ന് പറഞ്ഞ ആ കുരുന്നുകളെ ആട്ടിപായിച്ചവരും നമുക്കിടയില്‍ ഉണ്ടാകും. പക്ഷെ അവര്‍ എങ്ങനെ സ്‌കൂളില്‍ പോകും എന്ന കാര്യം ചിന്തിച്ചവര്‍ വളരെ വിരളമായിരിക്കും. അവിടെയാണ് ഈ പതിനാറുകാരൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാകുന്നത്. അതിനാൽ പേരറിയില്ലെങ്കിലും തീയില്‍ കുരുത്ത അവന്റെ വാക്കുകള്‍ നവ മാധ്യമങ്ങളിൽ സജീവമായ എല്ലാവരും തന്നെ ഇപ്പോൾ നെഞ്ചിലേറ്റിക്കഴിഞ്ഞു.

പതിനാറുകാരന്റെ വാക്കുകൾ ചുവടെ ചേർക്കുന്നു ;

എനിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ വിശപ്പില്ലെന്ന് പറഞ്ഞാണ് എന്റെ അമ്മ ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. മുഖത്ത് ചിരിതൂകി അമ്മ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത് നോക്കിയിരിക്കും. കുറച്ചു വെള്ളം മാത്രം കുടിച്ചാണ് അമ്മ ഉറങ്ങാറുള്ളത്. അമ്മയ്ക്കും വിശപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ എല്ലാവര്‍ക്കും കഴിക്കാനുള്ള ഭക്ഷണം വീട്ടില്‍ ഉണ്ടായിരുന്നില്ല. അന്നാണ് ജോലി ചെയ്യണമെന്ന തീരുമാനം ഞാന്‍ ആദ്യമായി എടുത്തത്. അന്നുമുതല്‍ ഞാന്‍ ട്രാഫിക് സിഗ്നലുകളില്‍ ബുക്കുകളും പൂക്കളുകളും വില്‍ക്കാന്‍ ഇറങ്ങി. കാരണം ഇനിയൊരിക്കലും എന്റെ അമ്മ വിശന്നിരിക്കുന്നത് കാണരുതെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. സിഗ്നലില്‍ സാധനങ്ങള്‍ വിറ്റ് എല്ലാക്കാലവും ജീവിക്കാന്‍ കഴിയില്ലെന്നും മുന്നോട്ടുപോകാനുള്ള വഴി സ്വയം വിദ്യ ആര്‍ജ്ജിക്കുക മാത്രമാണെന്നും പതിയെ ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. പതിനാറാം വയസ്സില്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ക്ലാസ് റൂമിലിരുന്ന് പഠനമാരംഭിച്ചു. എട്ട് മണിക്കൂര്‍ ഞാന്‍ സിഗ്നലില്‍ സാധനങ്ങള്‍ വില്‍ക്കും. നാല് മണിക്കൂര്‍ നേരം സ്‌കൂളില്‍ പഠിച്ച ശേഷം വീട്ടില്‍ പോയി ഹോംവര്‍ക്ക് ചെയ്യും. ഇത്രകാലം പുസ്തകങ്ങള്‍ വിറ്റിട്ടും പുസ്തകങ്ങളുടെ പേരുപോലും എനിക്ക് വായിക്കാന്‍ കഴിയാതിരുന്നത് വിരോധാഭാസമാണ്. വൈകിയാണെങ്കിലും ഇപ്പോള്‍ രാത്രിയില്‍ പുസ്തകങ്ങളുടെ കുറച്ചുപേജെങ്കിലും വായിക്കാനാണ് എന്റെ ശ്രമം. വാക്കുകളും അക്ഷരങ്ങളും മനസിലാക്കാന്‍ കഴിയുന്നതിന്റെ വൈകാരിക അനുഭവം എനിക്ക് വിവരിക്കാന്‍ കഴിയുന്നില്ല. ഒരുദിനം അധ്യാപകനാകുന്നത് ഞാന്‍ സ്വപ്‌നം കാണുന്നു- സിഗ്നലുകളില്‍ കുട്ടികള്‍ തൊഴില്‍ ചെയ്യാത്ത, സ്വപ്‌നം കാണാന്‍ ധൈര്യം പകരുന്ന ക്ലാസ് റൂമുകളില്‍ അവര്‍ ഇരിക്കുന്ന ഒരു ദിനവും എന്റെ സ്വപ്‌നമാണ്.”

shortlink

Related Articles

Post Your Comments

Related Articles


Back to top button