മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നു. പട്ടിണികൊണ്ട് നട്ടം തിരിയുന്നതിനിടെ പടര്‍ന്നുപിടിച്ച അതിസാരമാണ് ദുരിതം വിതയ്ക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ള ബേ പ്രവിശ്യയില്‍ മാത്രം മരിച്ചത് 110 പേരാണ്. ഈ പ്രദേശത്താണ് ഏറ്റവും രൂക്ഷമായി അതിസാരം പടര്‍ന്നുപിടിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഹസന്‍ അലിയാണ് രാജ്യം അതീവഗുരുതരമായ അവസ്ഥയെ നേരിടുന്ന വിവരം അറിയിച്ചത്. കടുത്ത വരള്‍ച്ചമൂലം രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് അതിസാരവും പടര്‍ന്നുപിടിച്ചിരിക്കുന്നത്. പ്രായമായവരും കൊച്ചുകുട്ടികളുമാണ് മരിച്ചുവീഴുന്നവരില്‍ അധികവും. രോഗം പടരുമ്പോഴും ആളുകളെ കൂട്ടത്തോടെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമുള്ള ആശുപത്രികളുടെ അഭാവമാണ് അധികൃതരെ വലയ്ക്കുന്നത്.
രാജ്യത്തെ 55 ലക്ഷംപേര്‍ക്കാണ് അതിസാരവും കോളറയും അടക്കമുള്ള ജലജന്യരോഗങ്ങള്‍ പിടിപെട്ടിരിക്കുന്നത്. കോളറ ബാധിച്ച് മാത്രം എഴുപതിലധികം പേര്‍ മരിച്ചുകഴിഞ്ഞു. ഗ്രാമീണമേഖലയില്‍ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യമാണ് രോഗം വേഗം പടരാന്‍ കാരണമാകുന്നത്. ഗ്രാമപ്രദേശങ്ങള്‍ വിട്ട് ജനങ്ങള്‍ തലസ്ഥാനമായ മൊഗാദിഷു അടക്കമുള്ള നഗരപ്രദേശങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.
Post Your Comments