കൊഹിമ: കൃത്യസമയത്ത് ജോലിക്കെത്തണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം ചെയ്തുകൊടുക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി നാഗാലാന്റ് മുഖ്യമന്ത്രി. ഇത്തരം നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത് ചിലവാകില്ലെന്നും മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പാക്കാനാകുമോ എന്നു കണ്ടുതന്നെ അറിയണമെന്നും ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ ജീവനക്കാര്‍ രാവിലെ 9.30ന് ഓഫീസിലെത്തണമെന്നാണ് മുഖ്യമന്ത്രി ഷുര്‍ഹോസ്ലി ലെയ്‌സിയറ്റ്‌സുവിന്റെ നിര്‍ദേശം. ഇതടക്കം നിരവധി കര്‍ശന നിര്‍ദേശങ്ങളാണ് ജീവനക്കാര്‍ക്ക് അദ്ദേഹം നല്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് കൃത്യ സമയത്ത് കാര്യക്ഷമമായി ജോലി ചെയ്യുന്നതിനാണെന്നു പറഞ്ഞ മുഖ്യമന്ത്രി, ഓഫീസിലെത്താന്‍ വൈകുന്നതിനു ഗതാഗതക്കുരുക്കിനെ പഴിപറയുന്ന ജീവനക്കാരുടെ സ്ഥിരം പല്ലവി നിര്‍ത്തണമെന്നും നിര്‍ദേശിച്ചു. കൃത്യസമയത്ത് ഓഫീസിലെത്തണമെന്നും ഓഫീസിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റണമെന്നും ഷുര്‍ഹോസ്‌ലി നിര്‍ദേശിച്ചു.
സ്ഥിരമായി ഗതാഗതകുരുക്കില്‍ പെടുന്നവര്‍ വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് നേരത്തെ ഇറങ്ങണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു നടപടിയും ആരുടെയും ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് എപ്പോഴും പ്രവര്‍ത്തന സജ്ജമാണെന്നും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തന്നെ അവിടെയെത്തി സന്ദര്‍ശിക്കാമെന്നും പറഞ്ഞ മുഖ്യമന്ത്രി അടിയന്തര ഘട്ടങ്ങളിലല്ലാതെ ആരും തന്റെ വസതിയിലെത്തി തന്നെ കാണേണ്ടതില്ലെന്നും വ്യക്തമാക്കി. ഇതിനായി ആര്‍ക്കും അനുമതി നല്‍കേണ്ടെന്ന് പേഴ്‌സണല്‍ സ്റ്റാഫിനും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നിര്‍ദേശവും നല്‍കി.
81 കാരനായ ഷുര്‍ഹോസ്‌ലി സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. വിവിധ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ മുന്‍പ് കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം പൊതുസമ്മത സ്ഥാനാര്‍ത്ഥയെന്ന നിലയിലാണ് ഫെബ്രുവരി 23 ന് നാഗലാന്‍ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
Post Your Comments