Kerala

ബസ് അപകടം ആയൂരില്‍; ഞെട്ടിയത് ടെക്‌നോപാര്‍ക്ക്

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ എം.സി റോഡില്‍ ആയൂരിനടത്ത് കമ്പങ്കോട് പാലത്തിനു സമീപം സൂപ്പര്‍ ഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഞെട്ടിയിരിക്കുകയാണ് ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍. അപകടത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ പെരുമ്പാവൂര്‍ സ്വദേശി രമ്യ(23)ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചിരുന്നു. മരിച്ച രണ്ടുപേരെ തിരിഞ്ഞറിഞ്ഞിട്ടില്ല. പുനലൂരില്‍നിന്നും ആറ്റിങ്ങലേക്കു പോകുകയായിരുന്ന ജനത എന്ന സ്വകാര്യ ബസാണ് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍നിന്നും അങ്കമാലിയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സിയിലുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചുവീണു. കെ.എസ്.ആര്‍.ടി.സിയിലുണ്ടായിരുന്ന മിക്കവാറും പേരും ആഴ്ചയുടെ അവസാനത്തെ അവധിക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്നു. പരിക്കേറ്റ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് ടെക്‌നോപാര്‍ക്ക് ഫേസ് ടുവില്‍നിന്നും യാത്ര ആരംഭിച്ച ബസ് ഇന്‍ഫോസിസില്‍നിന്നും ആളെ എടുത്തശേഷമാണ് അങ്കമാലിയിലേക്ക് യാത്ര ആരംഭിച്ചത്. ഇന്‍ഫോസിസിലെ ഏഴു ജീവനക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റ ഇരുപത്തിയഞ്ചോളം പേര്‍ ടെക്‌നോപാര്‍ക്കിലെ മറ്റു കമ്പനികളിലെ ജീവനക്കാരാണ്. ഇന്‍ഫോസിസിലെയും ടെക്‌നോപാര്‍ക്കിലെ മറ്റു കമ്പനികളിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള സംഘം ഇന്നലെ മുതല്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായി ഓടിനടന്ന് ചികിത്സാ സഹായം ഏകോപിപ്പിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button