KeralaNews

മാതൃഭൂമി ചാനലിനെതിരെ നിയമനടപടിയുമായി ആര്‍.എസ്.എസ്

തിരുവനന്തപുരം•മാതൃഭൂമി ചാനലിനെതിരെ നിയമനടപടിയുമായി രാഷ്ട്രീയ സ്വയംസേവക സംഘം. സംഘത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നടപടി. ചാനലിന്റെ അകം‌പുറം എന്ന പരിപാടിയില്‍ കഴിഞ്ഞ ജനുവരി 15ന് അവതാരക നടത്തിയ പരാമര്‍ശമാണ് നിയമനടപടിക്ക് കാരണമായത്. 1930ല്‍ ആർ.എസ്.എസ് ബ്രിട്ടീഷ് രാജ്ഞിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതായുളള വ്യാജചിത്രം നിർമ്മിച്ച് വസ്തുതാവിരുദ്ധമായ കാര്യം പ്രസ്താവിച്ചു എന്നാണ് പരാതി.

1930 ല്‍ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് രാജ്ഞിക്ക് ആർ.എസ്.എസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതായി വ്യാജ ചിത്രത്തെ അടിസ്ഥാനമാക്കി അവതാരക പ്രസ്താവിക്കുകയായിരുന്നു. ഇത് വസ്തുതാവിരുദ്ധമാണെന്നും പ്രേക്ഷകര്‍ക്കിടയിലും ജനങ്ങളിലും ആർ.എസ്.എസിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും അപകീര്‍ത്തിപ്പെടുത്താനും കാരണമായെന്നും ചാനലിനെതിരെയുളള പരാതിയില്‍ പറയുന്നു.

ഇതുസംബന്ധിച്ച് മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സി.ഇ.ഒ, ചാനല്‍ അവതാരക, ന്യൂസ് ചീഫ് എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ആര്‍.എസ്.എസ് കോഴിക്കോട് മഹാനഗര്‍ സഹപ്രചാര്‍പ്രമുഖ് കെ.ഷാജിയാണ് നിയമനടപടി സ്വീകരിക്കുന്നത്.

shortlink

Post Your Comments


Back to top button