NewsInternational

ചൈനീസ് ഗ്രാമത്തില്‍ കൂട്ടവിവാഹമോചനം; വേര്‍പിരിയുന്നത് 160 ദമ്പതികള്‍

ബീജിങ്: ചൈനയിലെ ഒരു ഗ്രാമത്തിലെ ദമ്പതികള്‍ ഏതാണ്ട് മുഴുവനായി വിവാഹമോചനത്തിന് തയാറെടുക്കുന്നു. പങ്കാളികളോടുള്ള വിരോധമൊന്നുമല്ല ഈ കൂട്ടപ്പിരിയലിന് പിന്നിലെ കാരണമെന്നതാണ് രസകരം. ഒന്നിച്ചുജീവിക്കുന്നതിനേക്കാള്‍ പണവും മറ്റ് സൗകര്യവും വേര്‍പിരിഞ്ഞാല്‍ കിട്ടുമെന്നതാണ് ദമ്പതികളെ വേര്‍പിരിയലിന് നിര്‍ബന്ധിക്കുന്നത്.

സംഭവമിതാണ്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ജിയാന്‍ഷി ഗ്രാമത്തിലെ പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ആധുനികവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായി ഇവിടെയുള്ളവര്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നഷ്ടപരിഹാരം കൂുടതല്‍ ലഭിക്കുക ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കാണ്. സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി ഇവിടെയുള്ള കുടുംബങ്ങള്‍ മാറേണ്ടിവരും. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന പുതിയ വീട്ടിലേക്കാണ് ആളുകള്‍ മാറേണ്ടത്. ഒരു കുടുംബത്തിന് ഒരു പുതിയ വീട് ആണ് നല്‍കുന്നത്. വേര്‍പിരിഞ്ഞ് ഒറ്റയ്ക്കു താമസിക്കുന്നവരായാല്‍ അവര്‍ക്ക് ഒരു വീടും 12 ലക്ഷം രൂപയ്ക്ക് തുല്യമായ പണവും സര്‍ക്കാര്‍ നല്‍കും. അപ്പോള്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞാല്‍ രണ്ടുവീടുകളും 24 ലക്ഷം രൂപയും ലഭിക്കും. വേര്‍പിരിയാത്ത കുടുംബസമേതം താമസിക്കുന്നവര്‍ക്ക് പുതിയ വീട് മാത്രമാണ് ലഭിക്കുക. ഇതോടെ ഒന്നിച്ചു സന്തോഷത്തോടെ കഴിയുന്നവര്‍ രണ്ടുവീടുകള്‍ക്കും പണത്തിനും വേണ്ടി വേര്‍പിരിയാന്‍ തീരുമാനിച്ചു.

ഔദ്യോഗികമായി വേര്‍പിരിഞ്ഞാലും പുതിയ വീട്ടില്‍ ഇഷ്ടമുള്ളവരെ കയറ്റിത്താമസിപ്പിക്കുന്നതിന് വിലക്കൊന്നുമില്ലല്ലോ. അപ്പോള്‍ തല്‍ക്കാലം വേര്‍പിരിയുക. വീടും പണവും കിട്ടിക്കഴിയുമ്പോള്‍ താല്‍പര്യമുണ്ടെങ്കില്‍ പങ്കാളിക്കൊപ്പം പുതിയ വീട്ടില്‍ ഒന്നിച്ചു താമസിക്കുക. ഇതാണ് വേര്‍പിരിയുന്ന ദമ്പതികളില്‍ പലരുടെയും ഐഡിയ. വേര്‍പിരിയാന്‍ ഒരു കാരണം നോക്കിയിരുന്നവര്‍ക്ക് ഒരു അവസരവുമായി സര്‍ക്കാര്‍ പ്രഖ്യാപനം എന്നും ഗ്രാമത്തിലെ ചിലര്‍ പറയുന്നുണ്ട്. ഏതായാലും വിവാഹമോചന ആനുകൂല്യം മുതലെടുക്കാന്‍ ഗ്രാമവാസികളുടെ തിരക്കാണ് ജിയാന്‍ഷി ഗ്രാമത്തില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button