കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുംചേരിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 14 വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റി.
തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഫാ. റോബിനെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചാലക്കുടിയില്‍ നിന്ന് പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇദ്ദേഹം വികാരിയായി സേവനം ചെയ്തിരുന്ന നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെത്തിച്ച് തെളിവെടുത്തു.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പേരാവൂര്‍ സിഐ സുനില്‍കുമാര്‍, കേളകം എസ്‌ഐ ടി.വി.പ്രജീഷ്, പേരാവൂര്‍ എസ്‌ഐ പി.കെ.ദാസ്, പേരാവൂര്‍ സര്‍ക്കിള്‍ ഓഫീസിലെ എസ്‌ഐ കെ.എ.ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് കാവലിലായിരുന്നു തെളിവെടുപ്പ്.
കുട്ടികള്‍ക്കെതിരേയുള്ള പീഡനം തടയുന്ന പോക്‌സോ കേസായതിനാല്‍ റിമാന്‍ഡ് കാലാവധി കഴിയുന്നതോടെ തലശേരി എഡിസി (ഒന്ന്)ലായിരിക്കും ഇനി ഫാ.റോബിനെ ഹാജരാക്കുക.
അതേസമയം, സംവത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐയുടെയും എബിവിപിയുടെയും നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കൊട്ടിയൂരില്‍ പ്രകടനക്കാര്‍ പ്രതി മാനേജരായിരുന്ന സ്‌കൂളിനു നേര്‍ക്ക് കല്ലെറിഞ്ഞു.
Post Your Comments