IndiaNews

ധനുഷ് തങ്ങളുടെ മകനെന്ന് വൃദ്ധ ദമ്പതികള്‍; അല്ലെന്നു തെളിയിക്കാനായി സൂപ്പര്‍താരം നേരിട്ട് കോടതിയിലെത്തി

ചെന്നൈ: തമിഴ് സൂപ്പര്‍താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച പരാതിയിന്മേലുള്ള തെളിവെടുപ്പിനായി നടന്‍ കോടതിയില്‍ ഹാജരായി. യഥാര്‍ഥ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ധനുഷ് ഹാജരാക്കിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലാണ് നേരിട്ട്ഹാജരായി രേഖകള്‍ സമര്‍പ്പിച്ചത്. ധനുഷിനൊപ്പം അമ്മ വിജയലക്ഷ്മിയും കോടതിയില്‍ എത്തിയിരുന്നു.

മധുര ജില്ലയിലുള്ള കതിരേശന്‍ -മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി കോടതിയിലെത്തിയത്. ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് അവരുടെ കാണാതായ മകന്റെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈയില്‍ കൈയില്‍ ഒരു കലയുമുണ്ട്. ഇത് പരിശോധിക്കുന്നതിനായാണ് താരം കോടതിയിലെത്തിയത്.

നേരത്തെ ധനുഷ് സ്‌കൂള്‍ ടിസിയുടെ രേഖകള്‍ ഹാജരാക്കിയിരുന്നെങ്കിലും ഇതില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ എഴുതേണ്ട കോളമില്ലായിരുന്നു. ഇതേ തുടര്‍ന്ന് കോടതി ധനുഷിനോട് യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദമ്പതികള്‍ അവകാശപ്പെടുന്ന അടയാളങ്ങള്‍ ധനുഷിന്റെ ശരീരത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായാണ് അമ്മയ്‌ക്കൊപ്പം ധനുഷ് കോടതിയിലെത്തിയത്.

ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റിനു തയാറാണെന്നും കതിരേശന്‍ -മീനാക്ഷി ദമ്പതികള്‍ പറഞ്ഞിരുന്നു. വൃദ്ധദമ്പതികളുടെ പരാതി വ്യാജമാണെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷും കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന വാദത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഇരുവരും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോപ്പി വേണ്ടെന്നും സ്‌കൂളിലെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനും കോടതി നിര്‍ദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button