ന്യൂഡല്‍ഹി: കള്ളപ്പണം തുടച്ചുനീക്കുന്നതിനുള്ള നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇടനിലനില്‍ക്കുന്ന ഏഴു ലക്ഷത്തോളം കടലാസ് കമ്പനികളുടെ മേല്‍ പൂട്ടുവീഴുമെന്ന് സൂചന. രാജ്യത്ത് ഇത്തരത്തില്‍ ആറു ലക്ഷം മുതല്‍ ഏഴു ലക്ഷം കമ്പനികള്‍ വരെയുണ്ടെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ വ്യക്തമാക്കുന്നു.
നോട്ട് അസാധുവാക്കലിനു ശേഷം വന്‍ തോതിലുള്ള ഇടപാടുകള്‍ ഇത്തരം കമ്പനികള്‍ നടത്തിയിട്ടുണ്ടെന്നും വന്‍തുകകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പിനും ഉപയോഗിച്ച ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അടുത്തകാലത്ത് തീരുമാനിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം പ്രകാരം ഇത്തരം കമ്പനികള്‍ പ്രത്യേക ദൗത്യസേനയുടെ നിരീക്ഷണത്തിലാണ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഇതിനകം തന്നെ 49 കടലാസ് കമ്പനികള്‍ക്കെതിരെ കേസെടുത്തു കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ സഹായത്തോടെ 559 പേര്‍ 3900 കോടി രൂപ വെളുപ്പിച്ചെടുത്തുവെന്നും നോട്ട് അസാധുവാക്കലിനു ശേഷം ഇത്തരം കമ്പനികള്‍ 1238 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.
Post Your Comments