
ചെന്നൈ: നിയമസഭാ സ്പീക്കര്‍ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. പളനിസ്വാമി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടിയതുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ സംബന്ധിച്ചാണ് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചത്. പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ വിശ്വാസവോട്ടെടുപ്പ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സ്പീക്കറോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിശ്വാസവോട്ടെടുപ്പ് റദ്ദാക്കി വീണ്ടും സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്നാണ് സ്റ്റാലിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം. വിശ്വാസവോട്ടെടുപ്പ് ദിവസം രൂക്ഷമായ സംഘര്‍ഷമാണ് തമിഴ്‌നാട് നിയമസഭയില്‍ അരങ്ങേറിയത്.
ഒ.പനീര്‍സെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. പിന്നീട് സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിഷേധിച്ച സ്റ്റാലിന്‍ അടക്കമുള്ള ഡിഎംകെ അംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. വിഷയത്തില്‍ ഗവര്‍ണര്‍ക്കും സ്റ്റാലിന്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
Post Your Comments