വഡോദര: ഗുജറാത്തിലെ വഡോദരയില്‍ എടിഎം കൗണ്ടറിന് മുന്നില്‍ കാല്‍ കോടിയോളം രൂപ നിറച്ച ഒരു പെട്ടി അനാഥമായി ഇരുന്നത് നാലു ദിവസം. ആരും ശ്രദ്ധിച്ചുമില്ല; പെട്ടിയില്‍ ഇരിക്കുന്നത് ലക്ഷങ്ങളാണെന്ന് അറിഞ്ഞുതുമില്ല. ഞായറാഴ്ച രാത്രിയോടെ എടിഎം കൗണ്ടറിലെത്തിയ കോളജ് വിദ്യാര്‍ഥിയാണ് പെട്ടി കണ്ടത്. പെട്ടി തുറന്നു നോക്കിയപ്പോള്‍ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുത്തന്‍ നോട്ടുകളുടെ നിരവധി കെട്ടുകള്‍. കാല്‍ക്കോടി രൂപയാണ് പെട്ടിയിലുണ്ടായിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 24,68,000 രൂപ. വിദ്യാര്‍ഥി അറിയിച്ചതനുസരിച്ച് പോലീസ് എത്തി പെട്ടി കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ പിന്നിലുള്ള കഥ വെളിപ്പെട്ടത്.
പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ഏജന്‍സി ജീവനക്കാരന്റെ അശ്രദ്ധയാണ് പണം നാലു ദിവസം അനാഥമായിരുന്നതിന് പിന്നില്‍. പണം നിറയ്ക്കാന്‍ ഇവിടെയെത്തിയ വാഹനത്തിലെ ജീവനക്കാരന്‍ ഈ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന മറ്റൊരു പെട്ടി എടിഎമ്മിന് പുറത്തുവച്ചു. തിരിച്ചു പോകുമ്പോള്‍ ഇക്കാര്യം മറന്ന് പെട്ടി എടുക്കാതെ പോകുകയായിരുന്നു. ഏതായാലും ഇത്രദിവസം പണം എടിഎമ്മിന് മുന്നില്‍ സുരക്ഷിതമായി ഇരുന്നതിനെക്കുറിച്ച് അതിശശിക്കുകയാണ് പോലീസ്. സംഭവസ്ഥലത്തെ സിസി ടി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണ് പോലീസ്.
Post Your Comments