കൊച്ചിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും അത് ഉള്‍പ്പെട്ടിരിക്കുന്ന ഫോണും സുരക്ഷിതമാണെന്ന വിവരം ആശ്വാസമാകുന്നു. ആലുവ കോടതിയില്‍ ഈ ഫോണ്‍ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കൈമാറിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയാണ് ഇക്കാര്യം പോലീസിനോടു വെളിപ്പെടുത്തിയത്. ഈ മെമ്മറി കാര്‍ഡ് ഉള്‍പ്പെട്ട ഫോണ്‍ എത്രയും വേഗം തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബലേക്കയച്ച് ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസ് ഊര്‍ജിത ശ്രമം തുടങ്ങി. അന്വേഷണത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഒളിവില്‍ പോകുന്നതിനു മുമ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി വക്കാലത്ത് നല്‍കാന്‍ എത്തിയപ്പോളാണ് സുനി മൊബൈല്‍ ഫോണ്‍ പൊതിഞ്ഞ ഒരു പാക്കറ്റ് അഭിഭാഷകനെ ഏല്‍പ്പിച്ചത്. അഭിഭാഷകന്‍ ഇതു സുരക്ഷിതമായി സൂക്ഷിക്കുമെന്നാണ് സുനി കരുതിയിരുന്നത്. എന്നാല്‍ അഭിഭാഷകന്‍ ഫോണ്‍ ഉള്‍പ്പെട്ട പാക്കറ്റ് ആലുവ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. സുനി ഫോണില്‍നിന്നു മെമ്മറി കാര്‍ഡും സിം കാര്‍ഡും ഊരിമാറ്റുന്നത് കണ്ടതായി ആലപ്പുഴയിലെ ഒരു സുഹൃത്ത് പോലീസിനു മൊഴിനല്‍കിയിരുന്നു. ഈ ഫോണ്‍ തന്നെയാണ് അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നു വ്യക്തമായിട്ടുണ്ട്.
Post Your Comments