തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഭരണം പരാജയമാണെന്ന വിലയിരുത്തലിനു പിന്നാലെ കനത്ത തരിച്ചടി നല്‍കി ഇന്റലിജന്റ്‌സിന്റെ സുപ്രധാന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്തത് 1,75,000 ക്രിമിനല്‍ കേസുകളാണ്. സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കിയ പദ്ധതികള്‍ പ്രയോജനം ചെയ്തില്ലെന്നും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടു മാസത്തിനിടെ പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തു നടന്നത്. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 1,100 പീഡനക്കേസുകളില്‍ അറുനൂറ്റി മുപ്പതു കേസുകളിലും ഇരയായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. സ്ത്രീകള്‍ക്കെതിരെയുള്ള മറ്റ് അതിക്രമങ്ങള്‍ 3200 ല്‍ ഏറെ വരും. 4200 ലഹരിമരുന്നു കേസുകളും 7200 ദലിത് പീഡന കേസുകളും റജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ എട്ടു മാസത്തില്‍ ഉണ്ടായതിനേക്കാള്‍ 61,000 ക്രിമിനല്‍ കേസുകളാണ് കൂടുതല്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് മറ്റൊരു വസ്തുത. സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കാവലാള്‍, പിങ്ക് പൊലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയാറാക്കിയത്.
Post Your Comments