ന്യൂഡല്‍ഹി : ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു സംഘടനയെ വളര്‍ത്താന്‍ ഐഎസ് ഒരുങ്ങുന്നതായി ഭീകരരുടെ പിടിയില്‍നിന്നു മോചിതനായി ഇന്ത്യയിലെത്തിയ ഡോ. രാമമൂര്‍ത്തി കൊസാനം. സിറിയയിലും ഇറാഖിലും നൈജീരിയയിലും മറ്റിടങ്ങളിലും അവര്‍ നടത്തിയ ക്രൂരതയുടെ വിഡിയോകള്‍ തടവിലാക്കിയവരെ നിര്‍ബന്ധിപ്പിച്ചു കാണിച്ചിരുന്നെന്നും ഡോ. രാമമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. 18 മാസം മുന്‍പു ലിബിയയില്‍ വച്ചാണ് ആന്ധ്ര പ്രദേശില്‍നിന്നുള്ള ഡോ. രാമമൂര്‍ത്തിയെ ഐഎസ് ഭീകരര്‍ തടവിലാക്കിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു മോചനം. അദ്ദേഹം ശനിയാഴ്ചയാണ് ഇന്ത്യയിലെത്തിയത്.
മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ള യുവാക്കളാണ് ഭീകരര്‍ മിക്കവരും.
ഇന്ത്യയെക്കുറിച്ചും ഇവിടുത്തെ വികസനത്തെക്കുറിച്ചും അവര്‍ക്കു നന്നായി അറിയാം. വിദ്യാഭ്യാസ, സാമ്പത്തിക രംഗത്ത് രാജ്യം മുന്നേറിയതെങ്ങനെയെന്നും അറിയാം. അവര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു തങ്ങളുടെ പ്രത്യയശാസ്ത്രം വ്യാപിപ്പിക്കണമെന്നാണു ചിന്ത. ക്രൂരമായ നിരവധി വിഡിയോകള്‍ അവര്‍ കാണിക്കുമായിരുന്നു. ഷിയ, യസീദി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ നടത്തിയ ക്രൂരമായ അതിക്രമങ്ങളുടെ വിഡിയോയാണത്. ഞങ്ങളില്‍ ഭീതി പരത്താനായിരുന്നു അവരുടെ ശ്രമം.
ഡോക്ടറായതിനാല്‍ ഭീകരര്‍ ആദ്യം തന്നെ ഉപദ്രവിച്ചില്ല. എന്നാല്‍ ഇസ്ലാമിലേക്കു മതപരിവര്‍ത്തനം ചെയ്യാന്‍ തടവുകാരെ അവര്‍ നിര്‍ബന്ധിക്കുമായിരുന്നു. ദിവസത്തില്‍ അഞ്ചു നേരവും പ്രാര്‍ഥനകള്‍ നടത്താനും ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഐ,എസ് ക്യാംപുകളിലെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കതിനുള്ള ശേഷിയില്ലെന്നു ഗുരുതരമായ പുറംവേദനയും രക്തസമ്മര്‍ദ്ദവുമുണ്ടെന്ന് അറിയിച്ചെങ്കിലും ഒരിക്കല്‍ നിര്‍ബന്ധിപ്പിച്ചു ചെയ്യിപ്പിച്ചു.
സിര്‍ത്തിലെ ഐ.എസ് ക്യാംപില്‍ ജോലി ചെയ്തപ്പോള്‍ മൂന്നുതവണയോളം ഭീകരരുടെ വെടിയേറ്റിറ്റുണ്ട്. തന്റെ ഇടതു കൈയിലും ഇരുകാലുകളിലും വെടിയേറ്റു മൂന്നാഴ്ചയോളം ഐസിയുവില്‍ കിടന്നിട്ടുണ്ട്. ലിബിയന്‍ സര്‍ക്കാര്‍ സേനയുമായുള്ള ഏറ്റുമുട്ടലുകള്‍ നിരന്തരം നടക്കുന്നതിനാല്‍ തടവുകാരെ നിരന്തരം ജയില്‍ മാറ്റിയിരുന്നു.
തമിഴ്‌നാട്ടില്‍നിന്നുള്ള മുസ്ലിം പയ്യന്‍ ലിബിയന്‍ സേനയ്ക്കുനേരെ ചാവേര്‍ ആക്രമണം നടത്തി കൊല്ലപ്പെട്ടതായി കേട്ടിട്ടുണ്ടെന്നും ഇന്ത്യക്കാരെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം അറിയിച്ചു. തടവിലാക്കപ്പെട്ടവരെ ഭീകരര്‍ ശാരീരികമായി ഉപദ്രവിക്കുന്നതു താന്‍ കണ്ടിട്ടില്ല. എന്നാല്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചിട്ടുണ്ട്.
ഭീകരരില്‍നിന്നു മോചിപ്പിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരോടുള്ള നന്ദിയും ഡോ. രാമമൂര്‍ത്തി അറിയിച്ചു.
Post Your Comments