NewsGulf

ദുരിതപ്രവാസം മതിയാക്കി അഫ്സൽ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•വിശ്രമമില്ലാത്ത ജോലിയും, സ്‌പോൺസറുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും മൂലം പ്രവാസജീവിതം ദുരിതമയമായ മലയാളി ഹൌസ് ഡ്രൈവർ, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മലപ്പുറം പൊന്നാനി സ്വദേശിയായ മുഹമ്മദ് അഫ്സലിനാണ് പ്രവാസജീവിതത്തിന്റെ കയ്പുനീർ കുടിയ്‌ക്കേണ്ടി വന്നത്. നാട്ടിലെ പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ അഫ്സൽ, ഏറെ പ്രതീക്ഷകളോടെയാണ് ഒന്നരവർഷം മുൻപ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ഹൌസ് ഡ്രൈവറായി ജോലിയ്‌ക്കെത്തിയത്. എന്നാൽ കഷ്ടകാലത്തിന് ജോലിക്കാർ ഒരു മിനിട്ടു പോലും വെറുതെ നിൽക്കുന്നത് ഇഷ്ടമല്ലാത്ത, മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ ഉള്ള ആളായിരുന്നു അഫ്സലിന്റെ സ്പോൺസർ. രാവിലെ നാല് മണിയ്ക്ക് ഉറക്കമെഴുന്നേറ്റാൽ, രാത്രി പതിനൊന്നു മണി വരെ നീളുന്ന ജോലിയാണ് അഫ്സലിന് ചെയ്യേണ്ടി വന്നത്. സ്പോണ്സറെയും കുടുംബാംഗങ്ങളെയും വിവിധസ്ഥലങ്ങളിൽ കൊണ്ട് പോകുന്ന ഡ്രൈവിംഗ് ജോലിയ്ക്കു പുറമെ, ആ വലിയ വീട്ടിലെ പുറംപണികളും, സ്‌പോൺസറുടെ ഓഫീസിലെയും, കൂട്ടുകാരുടെയും കാറുകൾ കഴുകാനും ഒക്കെയായി ജോലിത്തിരക്ക് കാരണം, അഫ്സലിന് ഭക്ഷണം കഴിയ്ക്കാൻ പോലും സമയം അവർ കൊടുത്തില്ല. ജോലിയിൽ എന്തെങ്കിലും താമസമുണ്ടായാൽ തെറിവിളിയും, ഭീക്ഷണിയും വേറെയും കിട്ടും. ഭക്ഷണമോ, ഉറക്കമോ വേണ്ടത്ര കിട്ടാതെ ആരോഗ്യനില മോശമായി, അഫ്സൽ ഏറെ മെലിഞ്ഞു.

ഒടുവിൽ സഹികെട്ട അഫ്സൽ, തനിയ്ക്ക് എക്സിറ്റ് തരണമെന്ന് സ്പോൺസറോട് പറഞ്ഞു. എന്നാൽ പതിനായിരം റിയാൽ നഷ്ടപരിഹാരം തന്നാൽ മാത്രമേ എക്സിറ്റ് തരൂ എന്ന നിലപാടിൽ ആയിരുന്നു സ്പോൺസർ. ചില സുഹൃത്തുക്കളുടെ ഉപദേശം അനുസരിച്ച്, ദമ്മാമിലെ ലേബർ കോടതിയിൽ എത്തിയ അഫ്സൽ, അവിടെ വെച്ച് നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തെ കാണുകയും, സ്വന്തം ദയനീയാവസ്ഥ വിവരിച്ച് സഹായം അഭ്യർത്ഥിയ്ക്കുകയും ചെയ്തു.

ഷാജി മതിലകത്തിന്റെ നിർദ്ദേശപ്രകാരം സ്പോൺസർക്കെതിരെ ലേബർ കോടതിയിൽ അഫ്സൽ കേസ് കൊടുത്തു. കോടതിയുടെ ആദ്യസിറ്റിങ്ങിൽ തന്നെ ഹാജരായ സ്പോൺസറുമായി ഷാജി മതിലകം ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തി. ആദ്യമൊക്കെ പിടിവാശി കാട്ടിയെങ്കിലും, ഷാജി മതിലകത്തിന്റെ ശക്തമായ വാദങ്ങളും, ഉറച്ച നിലപാടും മൂലം, ഒരു റിയാൽ പോലും നഷ്ടപരിഹാരം വാങ്ങാതെ ഫൈനൽ എക്സിറ്റും, വിമാനടിക്കറ്റും നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. അന്ന് വൈകുന്നേരം തന്നെ സ്പോൺസർ ഫൈനൽ എക്സിറ്റ് അടിച്ച പാസ്സ്പോർട്ടും, വിമാനടിക്കറ്റും ഷാജി മതിലകത്തിന് കൈമാറി.

അങ്ങനെ പിറ്റേ ദിവസം നിയമനടപടികൾ പൂർത്തിയാക്കി ഷാജി മതിലകത്തിനും, നവയുഗത്തിനും നന്ദി പറഞ്ഞ് മുഹമ്മദ് അഫ്സൽ കൊച്ചിയിലേയ്ക്ക് പറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button