തിരുവനന്തപുരം: സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന് സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിക്കണമെന്ന് ചെയര്‍മാനും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചിച്ച് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാന്‍ സി.പി.എമ്മും സര്‍ക്കാരും തയ്യാറായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ സ്ഥലസൗകര്യമില്ല എന്നവാദമാണ് കാരണമായി ഉയര്‍ത്തിക്കാട്ടിയത്. പുതിയതായി നിര്‍മിച്ച സെക്രട്ടേറിയറ്റ് അനക്‌സ് മന്ദിരത്തിലെത്തിലെങ്കിലും സ്ഥലം അനുവദിക്കണമെന്ന വി.എസിന്റെ ആവശ്യവും പരിഗണിക്കാതെ കിലോമീറ്ററുകള്‍ അകലെയുള്ള ഐ.എം.ജി ബില്‍ഡിങിലാണ് വി.എസിന് ഓഫീസ് അനുവദിച്ചത്. അതേസമയം പുതിയതായി രൂപീകരിച്ച ഹരിത കേരളം മിഷന് സെക്രട്ടേറിയേറ്റ് മെയിന്‍ ബില്‍ഡിങില്‍ തന്നെ ഇപ്പോള്‍ ഓഫീസ് അനുവദിച്ചത് വിവാദമാവുകയാണ്. മുന്‍ രാജ്യസഭാ എം.പി ടി.എന്‍ സീമ വൈസ് ചെയര്‍പേഴ്‌സണ്‍ ആയ ഹരിത കേരളം മിഷന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ തന്നെയാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്. ഇതിനായി സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഗതാഗതം, എസ്.സി-എസ്.ടി, സാമൂഹ്യക്ഷേമം, മൃഗസംരക്ഷണം വകുപ്പുകളെ സെക്രട്ടേറിയറ്റില്‍നിന്നും അനക്‌സ് മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. സി.പി.എം സംസ്ഥാന സമിതി അംഗമായ ടി.എന്‍ സീമക്ക് ആസൂത്രണ ബോര്‍ഡ് മുഴുവന്‍ സമയ അംഗത്തിന്റെ പദവിയും ശമ്പളവും കാറും അനുവദിച്ചപ്പോള്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായ വി.എസിനും അംഗങ്ങളായ രണ്ട് മുന്‍ ചീഫ് സെക്രട്ടറിമാര്‍ക്കും ഇതുവരെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ തീരുമാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Post Your Comments