കോട്ടയം : യോഗവിരോധികള് യോഗയെ തള്ളിക്കളയാന്‍ വരട്ടെ . സംസ്ഥാനത്ത് യോഗയ്ക്ക് പ്രഥമസ്ഥാനം. യോഗയെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കായിക ഇനമായി അംഗീകരിച്ചു. കേരള യോഗാ അസോസിയേഷനെ സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലുള്ള കായിക സംഘടനയുമാക്കി. ഇതോടെ സംസ്ഥാന യോഗാ ചാമ്പ്യന്‍ഷിപ്പുകള്‍ക്കു കൗണ്‍സിലിന്റെ ധനസഹായവും ലഭിക്കും.
സംസ്ഥാന, ദേശീയ മല്‍സരങ്ങളിലെ വിജയികള്‍ക്കു ഗ്രേസ് മാര്‍ക്കും നല്‍കും. മെഡല്‍ ജേതാക്കള്‍ക്കു സ്പോര്‍ട്സ് ക്വാട്ട ജോലിക്ക് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. 2015ല്‍ കേന്ദ്രസര്‍ക്കാര്‍ യോഗയെ കായിക ഇനമായി അംഗീകരിച്ചിരുന്നു. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ നിലവില്‍ യോഗാ അസോസിയേഷനുകള്‍ക്ക് അംഗീകാരമുണ്ട്.
ഇനി എല്ലാ വര്‍ഷവും സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിരീക്ഷണത്തില്‍ ജില്ലാ, സംസ്ഥാന യോഗാ ചാമ്പ്യന്ന്ഷിപ്പുകള് നടക്കും.
യോഗാസന, റിഥമിക് യോഗാ, ഡാന്‍സ് യോഗാ, ആര്‍ട്ടിസ്റ്റിക് യോഗാ, പെയര്‍ ആര്‍ട്ടിസ്റ്റിക് എന്നീ ഇനങ്ങളിലാണു മല്‍സരങ്ങള്‍. എട്ടുമുതല്‍ 31 വയസ്സുവരെയുള്ളവര്‍ക്ക് അഞ്ചു പ്രായവിഭാഗങ്ങളിലായി മല്‍സരിക്കാം.
ദേശീയ യോഗാ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഥമ ഫെഡറേഷന് കപ്പ് യോഗാ ചാംപ്യന്‍ഷിപ്പിനു കേരളമാണു വേദി. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 24ന് ആണു ചാംപ്യന്‍ഷിപ്പിനു തുടക്കം.
Post Your Comments