Kerala

ബാര്‍ബര്‍ ഷോപ്പുകാര്‍ക്ക് ചാകര; ഇനി തലമുടിയിലും കൃഷി തളിര്‍ക്കും

തിരുവനന്തപുരം: കടയുടെ മൂലയില്‍ വെട്ടിക്കൂട്ടി ഇട്ടിരിക്കുന്ന തലമുടി എങ്ങനെ നശിപ്പിക്കുമെന്ന കാര്യത്തില്‍ ബാര്‍ബര്‍ ഷോപ്പുകാര്‍ക്ക് ഇനി ആശങ്ക വേണ്ട. തലമുടിയെ ജൈവവളമായി ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച ഗവേഷണം കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പുരോഗമിക്കുകയാണ്. ചാണകത്തെക്കാള്‍ ഇരുപത്തിയഞ്ച് ഇരട്ടി നൈട്രജന്‍ മുടിയിലുണ്ട്. മണ്ണിലെ കാര്‍ബണിന്റെയും നൈട്രജന്റെയും അളവ് വര്‍ധിപ്പിക്കാന്‍ മുടി സഹായിക്കുന്നു. മണ്ണിലെ ജലാംശം പിടിച്ചെടുക്കുന്നതിനും പന്നി, എലി തുടങ്ങിയവയില്‍നിന്നുള്ള സംരക്ഷണത്തിനും മുടി പ്രയോജനപ്പെടും. അതേസമയം മുടി മണ്ണിലടിയാന്‍ വളരെക്കാലം എടുക്കും. എന്നാല്‍ പെട്ടെന്നു ചീയുന്ന വസ്തുവുമായി സംയോജിപ്പിച്ചാല്‍ വിഘടന പ്രക്രീയ എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിയും. മുടി മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നം ഒഴിവാക്കുന്നതിനായി ബാര്‍ബര്‍മാരുടെ സംഘടനയും കാര്‍ഷിക സര്‍വകലാശാലയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ ആശയം ഉടലെടുത്തത്. യൂറോപ്പിലും അമേരിക്കയിലും അര നൂറ്റാണ്ടിലേറെയായി മുടി വളമായി ഉപയോഗിക്കുന്നുണ്ടെന്നും ആപ്പിള്‍, ഓറഞ്ച്, മുന്തിരി തോട്ടങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നതായും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി രാജേന്ദ്രന്‍ പറഞ്ഞു. നമ്മുടെ സാഹചര്യത്തിനനുസരിച്ച് മുടി പെട്ടെന്ന് ചീഞ്ഞളിയുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഗവേഷണത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button