Uncategorized

കുപ്രസിദ്ധ പ്രതികള്‍ക്കായി അഡ്വ.ആളൂര്‍ എത്തുന്നത് എന്തുകൊണ്ട്? കേരളം ചര്‍ച്ച ചെയ്യുന്നു

തിരുവനന്തപുരം: സമീപകാലത്തായി കേരളം ചര്‍ച്ചചെയ്ത എല്ലാ കുറ്റകൃത്യങ്ങളിലും പ്രതികള്‍ക്കായി ഹാജരാകാന്‍ എത്തുക എന്നത് ബിജു ആന്റണി ആളൂര്‍ എന്ന അഡ്വ.ബി.എ ആളൂര്‍ ആണ്. കൊടും ക്രിമിനലുകള്‍ക്കുവേണ്ടി ഹാജരാകുക എന്നത് വിനോദമായി സ്വീകരിച്ച അഡ്വ.ആളൂര്‍ ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ നടി പീഡനത്തിനിരയായ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കുവേണ്ടിയും ഹാജരാകുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇതോടെ മാധ്യമങ്ങള്‍ ഏറ്റെടുത്ത കേസുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ആളൂരിനെക്കുറിച്ച് ഓരോ മലയാളിയും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. സൗമ്യ പീഡനക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകാന്‍ എത്തിയതോടെയാണ് ആളൂര്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ഗോവിന്ദചാമിയെ വധശിക്ഷയില്‍നിന്നും ഒഴിവാക്കാന്‍ ആളൂര്‍ നടത്തിയ വാദങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നു കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനു വേണ്ടിയും ഹാജരായത് അഡ്വ.ബി.എ ആളൂര്‍ തന്നെയാണ്. തുടര്‍ന്നു സോളാര്‍കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിതാ നായര്‍ക്കുവേണ്ടിയും ആളൂര്‍ കോടതിയില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞമാസം ഇന്‍ഫോസിസ് ജീവനക്കാരിയായ മലയാളി യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനുവേണ്ടി ഹാജരായതും ആളൂരായിരുന്നു.

അധോലോക നായകന്‍ ഛോട്ടാ രാജന്റെ കേസുകള്‍ നോക്കുന്നത് അഡ്വ.ആളൂരാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നരേന്ദ്ര ധബോല്‍ക്കറെ സംഘപരിവാര്‍ അനുഭാവികള്‍ വെടിവെച്ചു കൊന്ന കേസിലും പ്രതികളെ രക്ഷിക്കാനായി കോടതിയില്‍ വാദിച്ചത് ബി.എ ആളൂര്‍ ആയിരുന്നു. കേരളത്തില്‍ അറസ്റ്റിലായ കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് ബണ്ടിചോറിന്റെ അഭിഭാഷകനും ആളൂര്‍ ആണെന്ന് പറയപ്പെടുന്നു. സ്വര്‍ണംകൊണ്ടുള്ള ഷര്‍ട്ട് ധരിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ വ്യവസായ ദത്തത്രേയ ഫൂഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുവേണ്ടിയും ആളൂര്‍ ഹാജരായതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

മലയാളിയ അഡ്വ.ആളൂര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍പ്രീഡിഗ്രിവരെ പഠിച്ച പൂനെയില്‍നിന്നാണ് നിയമബിരുദം കരസ്ഥമാക്കുന്നത്. 1999ല്‍ കേരളത്തില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ആളൂര്‍ സംസ്ഥാനത്തെ വിവിധ കോടതികളില്‍ ക്രിമനല്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. സൗമ്യ വധക്കേസിന്റെ ക്രോസ് വിസ്താരത്തില്‍ അനാവശ്യവും അപകീര്‍ത്തിപരവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന് ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ആളാണ് അഡ്വ:ബി.എ.ആളൂര്‍. പ്രതിയുടെ വക്കീലായി സ്വയം പ്രത്യക്ഷപ്പെടുന്ന ആളൂര്‍ ഇരയുടെ അഭിമാനത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെയാണ് കോടതി വിമര്‍ശിച്ചിരുന്നത്. മാധ്യമശ്രദ്ധ കിട്ടാനും കോടതി നടപടികള്‍ വലിച്ചു നീട്ടാനും തരംതാണ തന്ത്രങ്ങളാണ് ആളൂര്‍ അന്ന് പയറ്റിയത്. കേസുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളായിരുന്നു ദീര്‍ഘമായ ക്രോസ് വിസ്താരങ്ങളിലുടനീളം പരാമര്‍ശിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button