കൊച്ചിയില്‍ നടിയെ കൊണ്ടുപോയി ആക്രമിച്ച സംഭവം കേരള മനസാക്ഷി ഞെട്ടലോടെയാണ് കേട്ടത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പിടിയിലായതോടെ ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. അതേസമയം സുനിയുടെ അറസ്റ്റിനു പിന്നാലെ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രമുഖര്‍ രംഗത്തെത്തി.
പള്‍സര്‍ സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തുന്നവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് നിയമമന്ത്രി എ.കെ ബാലന്‍ ചോദിച്ചു. കോടതി നിര്‍ദേശിക്കാതെ എങ്ങനെയാണ് ഒരു പ്രതിക്ക് കോടതി മുറിക്കകത്തു പ്രവേശിക്കാനും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാനും കഴിയുകയെന്നും ക്രിമിനലുകള്‍ക്ക് അഭയകേന്ദ്രമായി കോടതി മുറികളെ മാറ്റാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
നടിക്കെതിരെയുണ്ടായ അതിക്രമം ആസൂത്രിതമെന്നു ആവര്‍ത്തിച്ച് നടി മഞ്ജു വാര്യരും രംഗത്തെത്തി. മുഖ്യപ്രതിയെ പിടിക്കാന്‍ സാധിച്ചുവെന്നത് വലിയകാര്യമാണെന്നും സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിനിമാ സംഘടനകളെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. സിനിമാ സംഘടനകള്‍ തന്നെ സിനിമക്ക് ശാപമാവുകയാണ്. നടിക്കെതിരായ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കാനം പറഞ്ഞു. സിനിമാരംഗത്തെ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സിനിമാ നയം രൂപീകരിക്കണം. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. സിനിമാ സംഘടനകള്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുമെന്ന തരത്തിലുള്ള പ്രചാരണം ഉത്തരം മുട്ടുമ്പോഴുള്ള മറുപടിയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ക്രമസമാധാനവും സ്ത്രീ സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന് ഗുരുതരവീഴ്ച പറ്റിയെന്ന് പി.ടി തോമസ് എം.പി ആരോപിച്ചു. സര്‍ക്കാര്‍ വീഴ്ചയില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ഒന്‍പതിന് പി.ടി തോമസ് രാജേന്ദ്ര മൈതാനത്തിനു സമീപം ഗാന്ധി സ്‌ക്വയറില്‍ ഉപവാസമിരിക്കും.
നടിയെ ആക്രമിച്ച കേസിലെ പ്രതി സുനിയെ പിടികൂടാന്‍ കഴിഞ്ഞത് ഭാഗ്യമാണെങ്കിലും കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് പൊലീസിനു നാണക്കേടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടരന്വേഷണത്തില്‍ വീഴ്ച ഉണ്ടാകരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ അഞ്ചുദിവസം സ്വൈര്യമായും സ്വതന്ത്രമായും വിഹരിച്ചത് പൊലിസ് നിഷ്‌ക്രീയത്വം തെളിയിക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. കീഴടങ്ങാനെത്തിയപ്പോള്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
കോടതി മുറിയിലെ അറസ്റ്റ് പൊലീസിന്റെ ഗതികേടാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കോടതിയിലെത്തുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാതെ പൊലീസ് കീഴടങ്ങുകയായിരുന്നുവെന്നും ഡീന്‍ കുറ്റപ്പെടുത്തി.
നടിയെ അക്രമിച്ചവരെ പൊലീസ് സഹായിക്കുകയാണെന്ന വിമര്‍ശനവുമായി യൂത്ത് ലീഗും രംഗത്തെത്തി. നടിയെ ആക്രമിച്ച കേസിലെ പ്രതികളെ സഹായിക്കാനുള്ള നടപടികളാണ്പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിപി.കെ ഫിറോസ് ആരോപിച്ചു.
Post Your Comments