കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി ജീപ്പില്‍ കയറ്റുന്നതിനിടയ്ക്ക് പള്‍സര്‍ സുനി തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണെന്ന് വിളിച്ചുപറഞ്ഞതോടെ സംഭവത്തിനു പിന്നില്‍ ദുരൂഹയുണ്ടെന്ന് വ്യക്തമായി.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുനിയെ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ തന്നെ സുനിക്ക് ആരോ നടിയെ ആക്രമിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ക്വട്ടേഷന്‍ നല്‍കിയിരുന്നു എന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.
ഇത് ശരിവയ്ക്കുന്ന രീതിയിലാണ് സുനി താന്‍ പിടിയിലായ ഉടന്‍ പ്രതികരിച്ചിട്ടുള്ളത്.
പൊലീസ് ജീപ്പിലേക്ക് പള്‍സര്‍ സുനിയെ വലിച്ചിഴച്ചു കയറ്റുമ്പോള്‍ ‘എന്നെക്കൊണ്ടിത് ചെയ്യിച്ചതാ’ എന്ന് പള്‍സര്‍ സുനി വിളിച്ചുപറഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. എന്നാല്‍ സുനി ഇത്രയും പറയുമ്പോഴേക്കും കൂടുതലൊന്നും പറയാന്‍ അവസരം നല്‍കാതെ വാഹനത്തിന്റെ വാതിലടച്ച് വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു പൊലീസ്.
ഇപ്പോള്‍ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുനിയേയും കൂടെ പിടിയിലായ വിജേഷിനേയും ചോദ്യംചെയ്യുകയാണ്. ചോദ്യംചെയ്യലിലും പ്രതി ഇക്കാര്യം ആവര്‍ത്തിച്ചതായ സൂചനകളും പുറത്തുവരുന്നുണ്ട്. ചോദ്യംചെയ്യലില്‍ സുനിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ വരുംദിവസങ്ങളില്‍ ഈ ഗൂഢാലോചനയിലേക്കാവും പൊലീസ് അന്വേഷണം നീളുകയെന്നും ഉറപ്പായിക്കഴിഞ്ഞു.
ഇതോടെ കൃത്യം നടത്തിയതിന് പിന്നില്‍ ചിലരുണ്ടെന്നും ആരോ ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് സുനി ഈ കൃത്യം ചെയ്തതെന്നും വ്യക്തമാകുകയാണ്.
Post Your Comments