Kerala

നടിക്കെതിരായ അതിക്രമം: സത്യം പുറത്തുവരുമ്പോള്‍ കെട്ടുകഥകള്‍ വിശ്വസിച്ചവര്‍ തലതാഴ്ത്തുമെന്ന് ‘അമ്മ’

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം നടത്തിയ സംഭവത്തെ അപലപിച്ചുകൊണ്ട് താരസംഘടനയായ ‘അമ്മ’. സംഭവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞും പ്രതിസ്ഥാനത്തുള്ള മുഴുന്‍ ആളുകളേയും പിടികൂടാന്‍ വൈകുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയുമുള്ള പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത് പ്രസിഡന്റ് ഇന്നസെന്റും ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും ചേര്‍ന്നാണ്.

സംഘടനയില്‍ അംഗമായ ഒരു പെണ്‍കുട്ടിക്ക് നേര്‍ക്കുണ്ടായ ക്രൂരമായ അക്രമം നമ്മുടെ സമൂഹത്തെ അപ്പാടെ നടുക്കുന്നതാണ്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നു. എങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടത്ര വ്യക്തത വരുകയോ മുഴുവന്‍ പ്രതികളും പിടിയിലാവുകയോ ചെയ്തിട്ടില്ലെന്ന് ഇന്നസെന്റിന്റെയും മമ്മൂട്ടിയുടെയും പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തിന്റെ ആഘാതത്തില്‍ നിന്നു കേരളീയ സമൂഹം മുക്തമാകുന്നതിന് മുന്‍പുതന്നെ ഞങ്ങളുടെ അംഗമായ മറ്റൊരു അഭിനേതാവിനു നേര്‍ക്ക് എത്രയും നിന്ദ്യമായ വ്യക്തിഹത്യയും മാധ്യമവിചാരണയും നടന്നുകൊണ്ടിരിക്കുകയാണ്. അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു അക്രമം നടനുനേര്‍ക്ക് അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന അടിസ്ഥാനരഹിതമായ ഇത്തരം ജല്പനങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി ഏറ്റെടുക്കുന്നത് ഖേദകരമാണെന്നും അമ്മയുടെ പ്രസ്താവനയില്‍ പറയുന്നു.

ഞങ്ങളുടെ സഹോദരിക്കുനേര്‍ക്ക് നടന്ന ആക്രമണത്തിന് കാരണക്കാരായവര്‍ നിയമത്തിന്റെ പിടിയില്‍പ്പെട്ടു എന്നറിയുന്ന വാര്‍ത്തയ്ക്കായി ഞങ്ങളും കേരള സമൂഹത്തിനൊപ്പം കാത്തിരിക്കുകയാണ്. യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകുകയും സത്യാവസ്ഥ പുറത്തുവരുകയും ചെയ്യുമ്പോള്‍ കെട്ടുകഥകളില്‍ അഭിരമിച്ചവര്‍ ഈ നാടിനുമുന്‍പില്‍ തലതാഴ്ത്തുമെന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയുണ്ട്- പ്രസ്താവനയില്‍ അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button