India

മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ കടലിനടിയിലൂടെയും പായും

മുംബൈ: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ നിര്‍ദ്ദിഷ്ട മുംബൈ -അഹമ്മദാബാദ് അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയില്‍ കരയിലൂടെ മാത്രമല്ല കടലിനടിയിലൂടെയും ബുള്ളറ്റ് ട്രെയിനുകള്‍ ചീറിപായും. വിദേശരാജ്യങ്ങളില്‍ പലയിടത്തും നടപ്പാക്കിയിട്ടുള്ള അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ റൂട്ട് ഇനി ഇന്ത്യക്കാര്‍ക്കും സ്വന്തം. ജപ്പാന്‍ സഹായത്തോടെയാണ് മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് റെയില്‍ ട്രാക്ക് യാഥാര്‍ഥ്യമാകുന്നത്.

ഈ ബുള്ളറ്റ് ട്രെയിന്‍ യാത്രയുടെ ആകെ ട്രാക്ക് 508 കിലോമീറ്ററാണ്. ഈ റൂട്ടില്‍ ഇപ്പോള്‍ യാത്രാസമയം ഏഴു മണിക്കൂറാണ്. ബുള്ളറ്റ് ട്രെയിന്‍ വരുന്നതോടെ ഇത് വെറും രണ്ടു മണിക്കൂറായി ചുരുങ്ങും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ ഈ ട്രാക്കിലൂടെ പായുക. ഈ പദ്ധതിയില്‍ വരുന്ന താനെയ്ക്കും വിരാറിനും ഇടയിലുള്ള 21 കിലോമീറ്റര്‍ ദൂരമാണ് കടലിനടിയിലൂടെ ട്രാക്ക് വരുക. കടലില്‍ എഴുപത് മീറ്റര്‍ ആഴത്തില്‍ ട്രാക്ക് നിര്‍മിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി കടലിനടിയിലെ മണ്ണിന്റെയും പാറയുടെയും സ്വഭാവം തിരിച്ചറിയാനുള്ള ഡ്രില്ലിംഗ് തുടങ്ങി.

ഒരു ലക്ഷം കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ 81 ശതമാനം വായ്പ നല്‍കുന്നത് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി (ജെഐസിഎ) ആണ്. 0.1 ശതമാനമാണ് പലിശ. 50 വര്‍ഷം കൊണ്ട് ഇന്ത്യ വായ്പ തിരിച്ചടച്ചാല്‍ മതി. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിന് ആവശ്യമായ സിഗ്‌നലിംഗും പവര്‍ സിസ്റ്റവും അടക്കമുള്ള സാങ്കേതിക വിദ്യകള്‍ നല്‍കുന്നത് ജപ്പാന്‍ കമ്പനികളായിരിക്കും. 2023 -ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഭൂമിയേറ്റെടുക്കല്‍ പലയിടത്തും പ്രശ്നമായതിനാല്‍ മിക്കവാറും ഭാഗങ്ങളില്‍ ഭൂമിക്കടിയിലൂടെയും മേല്‍പ്പാലങ്ങളിലൂടെയും ആണ് ട്രാക്ക് നിര്‍മിക്കുന്നത്. ഇതില്‍ താനെ മുതല്‍ വിരാര്‍ വരെയുള്ള ഭാഗത്താണ് 21 കിലോമീറ്റര്‍ കടലിനടിയിലൂടെയും ട്രെയന്‍ സഞ്ചരിക്കുക.

shortlink

Post Your Comments


Back to top button