എന്താണ് മലയാള സിനിമയില്‍ സംഭവിക്കുന്നത്? സാധാരണക്കാരെ സംബന്ധിച്ച് സിനിമ ഇന്നും ഒരു സ്വപ്‌നലോകം തന്നെയാണ്. അവര്‍ക്കുമുന്നിലെ തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങളെ അവര്‍ ആ നിമിഷത്തേക്കെങ്കിലും അവര്‍ ആരാധനയോടെ മാത്രമേ കാണുന്നുള്ളൂ. പ്രേക്ഷകനു മുന്നില്‍ മായികപ്രപഞ്ചം സൃഷ്ടിക്കുന്ന സിനിമയുടെ അണിയറയില്‍നിന്നും ഇപ്പോള്‍ പുറത്തുവരുന്നത് അരുതായ്മകളുടെയും അവിശുദ്ധ ബന്ധങ്ങളുടെയും കഥകളാണ്. തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും മലയാള സിനിമയെ സംബന്ധിച്ച് കേട്ടുകേള്‍വിപോലും ഇല്ലാത്തതായിരുന്നു. ആ സാഹചര്യത്തിലാണ് ഒരു സുപ്രഭാതത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നായിക നടിയെ ക്വട്ടേഷന്‍ സംഘം വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മലയാള സിനിമയില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സജീവമായി നില്‍ക്കുന്ന ഏറ്റവും മുതിര്‍ന്ന ഒരു നായിക നടിയാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. 2002ല്‍ അവരുടെ ആദ്യചിത്രം പുറത്തിറങ്ങിയതുമുതല്‍ ആ നടി അഭിനയിച്ച എഴുപത്തിയേഴോളം ചിത്രങ്ങളില്‍ ഭൂരിഭാഗത്തിലും നായികയായാണ് അഭിനയിച്ചത്. ആ നടിയോളം സീനിയോരിറ്റി ഉള്ള ഒന്നോ രണ്ടോ പേര്‍ മാത്രമേ ഇന്നും നായികയായി അഭിനയരംഗത്തുള്ളൂ. പറഞ്ഞുവരുന്നത് അത്തരത്തില്‍ വളരെ പ്രശസ്തയായ ഒരു നടിക്കുണ്ടായ ദുര്യോഗം മലയാള സിനിമക്കും പൊതുസമൂഹത്തിനും ഞെട്ടലോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയൂ എന്നാണ്.
എപ്പോഴാണ് മലയാള സിനിമ അധോലോകത്തിന്റെ പിടിയിലായത് എന്നു എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും ഒരു പുനര്‍വിചിന്തനം നടത്തണം. എന്തിനാണ് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും പിന്തുണ ചലച്ചിത്ര പ്രവര്‍ത്തകര്‍ തേടുന്നത് എന്ന് സ്വയം പരിശോധിക്കണം. കഴിഞ്ഞ പത്തുവര്‍ഷത്തെ മലയാള സിനിമയുടെ ജീവശാസ്ത്രം പരിശോധിച്ചാല്‍ അവിടെ ലഹരിയുടെ മാരകവിഷബീജങ്ങള്‍ ഏറെ മുളച്ചതായി കാണാം. പണ്ട് മദ്യവും മദിരാക്ഷിയും ചില ചലച്ചിത്രകാരന്‍മാരുടെ വീക്ക്‌നെസ്സ് ആയിരുന്നെങ്കില്‍ ഇന്ന് അവിടെ മയക്കുമരുന്നും റിയല്‍ എസ്റ്റേറ്റ് ബിനിനസും അവിഹിത ഇടപാടുകളും കള്ളപ്പണവും അവിശുദ്ധ ബന്ധങ്ങളുമെല്ലാം സിനിമയുടെ പിന്നാമ്പുറത്ത് സജീവമായതായി കാണാം. മലയാള സിനിമയെ ഇന്ന് നിയന്ത്രിക്കുന്നത് ഗുണ്ടാസംഘങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം. ചില പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ തീറ്റിവളര്‍ത്തുന്ന ഗുണ്ടാസംഘങ്ങള്‍ തന്നെയുണ്ട്. സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ക്ക് വസ്തു ഇടപാടുകാരുമായും ബന്ധമുണ്ടെന്നുമുള്ള മുന്‍ സിനിമാമന്ത്രിയും നടനുമായ കെ.ബി ഗണേഷ്‌കുമാറിന്റെ അഭിപ്രായം ശ്രദ്ധേയമാണ്. പുറത്തുപറയാനാകാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ട്. സിനിമാ മേഖലയ്ക്ക് ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചു. സിനിമയെടുക്കുന്ന കാര്യത്തില്‍ പണ്ടുണ്ടായിരുന്ന നല്ല അന്തരീക്ഷമൊക്കെ പോയി. ഒരുപാട് മോശം പ്രവണതകള്‍ സിനിമയിലേക്കു കടന്നുവന്നു. സാമൂഹിക വിരുദ്ധമായ ഒരുപാട് തലങ്ങള്‍ സിനിമയിലേക്കു കടന്നുവന്നു. സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയയും ശക്തമാണെന്നും ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പിടിയിലായ ക്രിമിനലുകളെല്ലാം മലയാള സിനിമയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. വിവിധ പ്രൊഡക്ഷന്‍ ഹൗസുകളുടെ ഭാഗമായും ഡ്രൈവര്‍മാരായുമൊക്കെയാണ് ഇവര്‍ സിനിമയില്‍ ഇടം നേടുന്നത്. ക്രമേണ ചലച്ചിത്ര സംഘടനകളിലും ഇവര്‍ അംഗത്വമെടുത്ത് പൂര്‍ണസമയ സിനിമാക്കാരായി മാറുന്നു. ഇവര്‍ക്കെല്ലാം സിനിമ പല പ്രമുഖരുമായും ബന്ധം സ്ഥാപിക്കാനുള്ള ഒരു ആയുധം മാത്രമാണ്. അല്ലെങ്കില്‍ പുതുപ്പണക്കാരായി സിനിമയിലേക്ക് കടന്നുവരുന്ന ചിലര്‍ സ്വന്തം ബിസിനസും സൗകര്യവും വര്‍ധിപ്പിക്കാനും സംരക്ഷിക്കാനുമായി ഈ ക്രിമിനലുകളെക്കൂടി അവര്‍ സിനിമയുടെ ഭാഗമാക്കുന്നുണ്ട്. ക്വട്ടേഷന്‍ ഗ്യാംങ്ങുകളുടെയും ലഹരിയുടെയും കഥ പറയുന്ന ന്യൂ ജനറേഷന്‍ സിനിമാ പ്രവര്‍ത്തകരില്‍ ഏറിയ പങ്കും ലഹരി-ക്രിമിനല്‍ മാഫിയയുടെ ഭാഗമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനകം ഇത്തരത്തില്‍ ചിലര്‍ അറസ്റ്റിലായിട്ടുമുണ്ട്. ചുരുക്കത്തില്‍ മലയാള സിനിമ അവിശുദ്ധ ഇടപെടലുകളുടെയും ക്രിമിനല്‍വത്കരണത്തിന്റെയും ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. പതിറ്റാണ്ടുകളായി സിനിമയില്‍ സജീവമായി, സിനിമക്കുവേണ്ടി ജീവിച്ച്, സിനിമക്കുവേണ്ടി നിരവധി സംഭാവനകള്‍ ചെയ്ത് ചരിത്രത്തില്‍പോലും ഇടംനേടിയ എത്രയോ മഹാരഥന്‍മാര്‍ക്കുകൂടി അപമാനമുണ്ടാക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. കൊച്ചി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശരിയായ അന്വേഷണം നടന്നാല്‍ ഞൊടിയില്‍ പ്രശസ്തിയിലേക്കു ഉയര്‍ന്ന പലരുടെയും പൊയ്മുഖങ്ങള്‍ അടര്‍ന്നുവീഴുമെന്ന് ഉറപ്പാണ്.
ഇന്ന് മിക്കവാറും ഷൂട്ടിങ് ലൊക്കേഷനുകളുടെ നിയന്ത്രണം ഗുണ്ടാസംഘങ്ങള്‍ക്കാണ്. ലൊക്കേഷനുകളുടെ സംരക്ഷണത്തിനും ചിത്രീകരണ സുരക്ഷക്കും പുറത്തുനിന്നുള്ള ശല്യം ഒഴിവാക്കുന്നതിനും ചില ചലച്ചിത്രപ്രവര്‍ത്തകര്‍ ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിരുന്നു. എന്നാല്‍ ഇന്ന് ഷൂട്ടിങ് നിയന്ത്രണം കുത്തകാവകാശമായി ഏറ്റെടുത്ത ചില ഗുണ്ടാസംഘങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകരില്‍നിന്നും നോക്കുകൂലി വാങ്ങുന്നുണ്ടെന്നു ചില പ്രമുഖര്‍ തന്നെ വ്യക്തമാക്കുന്നു. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു സിനിമ ചിത്രീകരിക്കണമെങ്കില്‍ പ്രദേശത്തുള്ള ഗുണ്ടാസംഘങ്ങള്‍ക്ക് കൈക്കൂലി നല്‍കണമെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. ഈ ഗുണ്ടകളില്‍ ചിലര്‍ സിനിമകളില്‍ തലകാണിക്കുന്നുമുണ്ട്. ഇത്തരത്തില്‍ അടുത്തിടെ സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തില്‍ തലകാണിച്ച ഒരു ഗുണ്ടയെ സിനിമ റിലീസ് ചെയ്യുന്നതിനുമുമ്പേ മാല പിടിച്ചുപറി കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് വാര്‍ത്തയായിരുന്നു. നേരത്തെ പറഞ്ഞതുപോലെ പ്രൊഡക്ഷന്‍ കമ്പനികളുടെ ഭാഗമായി തന്നെയാണ് ഗുണ്ടകളും ക്രിമിനലുകളും സിനിമയില്‍ കയറിപ്പറ്റുന്നത്. സിനിമയില്‍ എത്തിയശേഷം ഇവര്‍ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുമായി ബന്ധം സ്ഥാപിക്കുകയാണ്. നടികളെ വിളിക്കാന്‍ വണ്ടിയുമായി പോകുന്ന ചിലര്‍ ഗുണ്ടകളാണെന്നതിനു തെളിവാണ് കൊച്ചിയിലുണ്ടായ സംഭവം തെളിയിക്കുന്നതും. മറ്റൊന്നു ലഹരിമാഫിയയുമായി ബന്ധപ്പെട്ടവരാണ്. സിനിമാക്കാര്‍ക്ക് മയക്കുമരുന്നും കഞ്ചാവും എത്തിക്കുന്ന ക്രിമിനലുകള്‍ കൊച്ചിയില്‍ ഉള്‍പ്പടെ സജീവമാണണ്. കൊച്ചിയില്‍ അരങ്ങേറുന്ന രാപ്പാര്‍ട്ടികളില്‍ ലഹരി ഉപയോഗത്തിനു പിടിയിലാകുന്നവരില്‍ ചിലര്‍ സിനിമയുടെ ഏതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നു പൊലീസും സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം ക്രിമിനലുകള്‍ പലരും പല താരങ്ങളുടെയും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആണെന്നതാണ് മറ്റൊരു വസ്തുത. ആദ്യം മയത്തിലും പ്രീതിയോടെയും പെരുമാറി ഇഷ്ടം പിടിച്ചുപറ്റുന്ന ഗുണ്ടകള്‍ ഒടുവില്‍ അവരെ ഭീഷണിപ്പെടുത്തി സമ്മര്‍ദത്തിലാക്കുന്ന അനുഭവങ്ങളും പല പ്രമുഖര്‍ക്കും ഉണ്ടാകുന്നുണ്ട്. തീര്‍ച്ചയായും ഇത്തരം സംഭവങ്ങള്‍ വ്യക്തമാകുന്നത് മലയാള സിനിമയില്‍ ശുദ്ധികലശം അനിവാര്യമാണെന്നു തന്നെയാണ്.
Post Your Comments