ന്യൂഡല്‍ഹി : cമകളുടെ വിവാഹത്തിന് വിടണമെന്ന ആവശ്യവുമായി ഭീകരന്‍. എന്നാല്‍ നിഷ്‌കളങ്കരായ ആളുകളെ ഭീകരാക്രമണത്തില്‍ വധിച്ചവര്‍ സ്വന്തം കുടുംബത്തെയും മറക്കുന്നതാണു നല്ലതെന്നു സുപ്രീം കോടതി. മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു ജമ്മു കശ്മീര്‍ ഇസ്ലാമിക് ഫ്രണ്ട് ഭീകരന്‍ മുഹമ്മദ് നൗഷാദ് നല്‍കിയ ജാമ്യാപേക്ഷ നിരസിച്ചാണു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നിഷ്‌കളങ്കരായ മനുഷ്യരെ നിഷ്‌കരുണം കൊലപ്പെടുത്തുന്ന ഹീനമായ പ്രവര്‍ത്തിയില്‍ നിങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കുടുംബത്തിന്റെ പേരില്‍ കരുണയ്ക്കായി യാചിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല. ഇത്തരം കേസുകളില്‍ നിങ്ങള്‍ കുറ്റക്കാരാണെന്നു തെളിയുന്നതോടെ, കുടുംബവുമായും കുടുംബാംഗങ്ങളുമായുള്ള ബന്ധം അവസാനിച്ചു – സുപ്രീം കോടതി വിധിച്ചു.
എനിക്ക് മകനുണ്ട്, മകളുണ്ട്, മക്കളുണ്ട് എന്ന് നിങ്ങള്‍ക്കു പറയാനാകില്ല. ജാമ്യത്തിനായി വാദിക്കാനുമാകില്ല. കീഴ്‌ക്കോടതി വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യാനും കുറ്റവിമുക്തരാക്കാന്‍ വാദിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങവുടെ വാദം കേട്ട് ഞങ്ങള്‍ വിധി പറയും. ഒരാളെ കുറ്റക്കാരനെന്നു കണ്ടെത്തിയ കീഴ്‌ക്കോടതി വിധി മേല്‍ക്കോടതി ശരിവച്ചാല്‍, നിങ്ങള്‍ക്ക് ഇടക്കാല ജാമ്യത്തിനായി വാദിക്കാനാകില്ല. നിഷ്‌കളങ്കളരായ ആളുകളെ നിങ്ങള്‍ കൊലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജാമ്യമേ ഇല്ല – സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
1996 മേയ് 21നു ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ആദ്യം മുഹമ്മദ് നൗഷാദിനു വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അതു ജീവപര്യന്തം തടവാക്കി. രണ്ടു ദശകമായി താന്‍ ജയിലിലാണെന്നും ഈ മാസം 28നു നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നൗഷാദിന്റെ ജാമ്യാപേക്ഷ.
Post Your Comments