ചെന്നൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി. സംസ്ഥാനത്തെ 500 മദ്യശാലകള്‍ പൂട്ടുമെന്നും, ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് അമ്മ ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്നും പളനിസാമി വ്യക്തമാക്കി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് ജനപ്രിയ പദ്ധതികള്‍ തീരുമാനിച്ചത്.
സർക്കാർ ആദ്യം തീരുമാനമെടുത്തത് സംസ്ഥാനത്തെ 500 മദ്യശാലകള്‍ പൂട്ടാനാണ്. തമിഴ്നാട്ടില്‍ നിന്നും മദ്യശാലകള്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യുമെന്നും, ഉടനടി 500 മദ്യശാലകള്‍ പുട്ടിക്കുമെന്നും എഐഡിഎംകെ യുടെ പ്രകടന പത്രികയില്‍ മുന്‍മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. 500 മദ്യശാലകള്‍ പുട്ടുന്നതോടെ, തമിഴ് നാട്ടില്‍ 5000 മദ്യശാലകള്‍ മാത്രമാകും അവശേഷിക്കുക.
ഇത് കൂടാതെ അമ്മ ഇരുചക്രവാഹനങ്ങള്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുമ്പോള്‍ പ്രതിവര്‍ഷം 200 കോടിയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് വരിക. ഗര്‍ഭിണികള്‍ക്ക് നല്‍കിവരുന്ന ധനസഹായ പദ്ധതി 12,000 രൂപയില്‍ നിന്നും 18,000 രൂപയായി ഉയര്‍ത്തി. മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് 5000 പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വരള്‍ച്ച, കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
Post Your Comments