കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയെന്നാണ് ആദ്യം വാര്‍ത്ത വന്നത്. പിന്നീട് മോചിപ്പിച്ചെന്നും. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ എല്ലാ മാദ്ധ്യമങ്ങളും നടിയുടെ പേരും ചിത്രവും വച്ചാണ് വാര്‍ത്ത നല്‍കിയത്. സംഭവിച്ചതിലെ ക്രൂരത പുറത്തുവന്നിട്ടും പേരും ചിത്രവും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാല്‍ പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ പേരും ചിത്രവും നല്‍കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റകരമാണ്. ഈ സാഹചര്യത്തില്‍ പേരും ചിത്രവും നല്‍കരുതെന്ന് പൊലീസ് ഔദ്യോഗികമായി മാദ്ധ്യമങ്ങളെ അറിയിച്ചു. ഇന്ന് മുതല്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള ഒരു മാദ്ധ്യമവും നടിയുടെ പേരോ ചിത്രമോ ഉപയോഗിക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം.
മാനഭംഗ കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നത് ഐപിസി 228 (എ) പ്രകാരം ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നിര്‍ദ്ദേശം. കൊച്ചിയിലെ തട്ടിക്കൊണ്ട് പോകലില്‍ നടിയുടെ പേര് പുറത്തുവരാനുണ്ടായ സാഹചര്യം പൊലീസ് ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് നടിയുടെ പേരും ചിത്രങ്ങളും മാറ്റാന്‍ പൊലീസ് ആവശ്യപ്പെടുന്നത്. ഇനി നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമാകും. പീഡനത്തിന് ഇരയായവരുടെ ഭാവിയെക്കരുതിയാണ് ഇപ്പോള്‍ പേരു പറയാതിരിക്കുന്നത്. ഈ സാഹചര്യം നടിയുടെ കാര്യത്തിലും നടപ്പാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. സോഷ്യല്‍ മീഡിയയും ദേശീയ മാദ്ധ്യമങ്ങളും നടിയുടെ പേരു സഹിതമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കപ്പെട്ടു. ഇതെല്ലാം പിന്‍വലിക്കണമെന്നാണ് പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ഇര പരാതി നല്‍കിയില്ലെങ്കില്‍ പോലും നടപടിയെടുക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും പൊലീസിനുണ്ട്. നിയമം അറിയാത്തത് തെറ്റ് ചെയ്യാനുള്ള മാനദണ്ഡമല്ലെന്നാണ് ഐപിസി പറയുന്നത്. അതുകൊണ്ട് തന്നെ ഐപിസി 228 എയെ കുറിച്ച് അറിയില്ലെന്ന വാദത്തോടെ നടിയുടെ പേര് പ്രസിദ്ധീകരിച്ചവര്‍ക്ക് പ്രതിരോധം തീര്‍ക്കാനുമാവില്ല. അതിനാല്‍ നടിയുടെ പേരും ചിത്രവും മാറ്റുന്നതാണ് നല്ലതെന്ന വിലയിരുത്തല്‍ തന്നെയാണ് നിയമ വിദഗ്ദ്ധര്‍ക്കുമുള്ളത്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയും പൊലീസിന്റെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വരും. കമന്റുകളില്‍ പോലും സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ കേസ് വരും.
Post Your Comments