
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭചര്‍ച്ചകള്‍ മുസ്ലീം ലീഗില്‍ തുടങ്ങി. മുതിര്‍ന്ന നേതാവ് വേണമെന്നാണ് പാര്‍ട്ടിയിലെ ധാരണ. പാര്‍ട്ടി പറഞ്ഞാല്‍ മലപ്പുറത്ത് മത്സരിക്കുമെന്ന നിലപാടിലാണ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ മാസം 26 ന് ചെന്നൈയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കും.
ഇ.അഹമ്മദിന്റെ മരണത്തോടെ ഒഴിവുവന്ന മലപ്പുറം സീറ്റിലേയ്ക്ക് മുതിര്‍ന്ന നേതാവു തന്നെ വരണമെന്ന ധാരണ പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അഖിലേന്ത്യ ട്രഷറര്‍ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്.പാര്‍ട്ടി ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന് പാര്‍ലമെന്റ് മെംബര്‍ സ്ഥാനം ഉപകരിക്കുമെന്ന ധാരണയിലാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കുന്നത് താന്‍ ദേശീയ തലത്തിലേക്ക് മാറിയാലും സംസ്ഥാനനേതൃത്വത്തിന് ക്ഷീണമുണ്ടാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.
കുഞ്ഞാലിക്കുട്ടി മത്സരരംഗത്തേക്ക് വരുന്നതോടെ ഒഴിവുവരുന്ന വേങ്ങര സീറ്റിലേക്ക് ഒരാള്‍ക്കു മത്സരിക്കാമെന്നതും മറ്റ് നേതാക്കളെ ഈ ധാരണക്ക് പിന്തുണ നല്‍കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മലപ്പുറവും വേങ്ങരയും ലീഗിന്റെ ഉറച്ച മണ്ഡലങ്ങളായതു കൊണ്ട് ആരു മത്സരിച്ചാലും ജയിച്ചുവരാമെന്ന അവസ്ഥയുമാണ്.എന്നാല്‍ ആരു മല്‍സരിക്കണമെന്ന് തീരുമാനിക്കാന്‍ അധികാരമുള്ള ആള്‍ തന്നെ മല്‍സരത്തിന് ഇറങ്ങുന്നതിന് എതിരെയും പാര്‍ട്ടിയില്‍ വിമര്‍ശനങ്ങളുണ്ട്.
Post Your Comments