തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടഞ്ഞു. 1850 പ്രതികളെ മോചിപ്പിക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ തടഞ്ഞത്. സുപ്രീംകോടതി മാനദണ്ഡം പാലിച്ചോയെന്നു വ്യക്തമാക്കണം. രണ്ടാഴ്ചയ്ക്കുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ മടക്കിയത്. സിപിഎം ബന്ധമുള്ളവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. മാനഭംഗം, ലഹരിമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു
വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന 1850 പേരെ വിട്ടയക്കാനുള്ള തീരുമാനമടങ്ങുന്ന ഫയലാണ് സര്‍ക്കാര്‍ കഴിഞ്ഞമാസം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
ഉന്നതതലസമിതിയുടെ ശുപാര്‍ശ പരിഗണിച്ച് ആഭ്യന്തരവകുപ്പാണ് വിട്ടയക്കേണ്ട തടവുകാരുടെ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഫയല്‍ ഗവര്‍ണര്‍ക്ക് അയക്കുന്നതിനു മുന്‍പ് നിയമസെക്രട്ടറി കണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മുന്‍പ് ഇല്ലാത്തവിധം ഇത്രയേറെ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനമടങ്ങിയ ഫയലില്‍ ഗവര്‍ണര്‍ രണ്ടാഴ്ചയോളം ഒപ്പുവച്ചില്ല. മാനഭംഗം, ലഹരിമരുന്ന് കേസ് എന്നിവയടക്കം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതും ഇതിനു കാരണമായി. സിപിഎം ബന്ധമുള്ള തടവുകാരും പട്ടികയിലുണ്ടെന്നാണ് സൂചന.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓരോ കേസും പ്രത്യേകമായി പരിഗണിച്ച് വിശദമായി പരിശോധിച്ചേ തടവുകാരനെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിനു തീരുമാനിക്കാനാകൂ. ശിക്ഷാകാലയളവില്‍ തടവുകാരനുണ്ടായ മനഃപരിവര്‍ത്തനം, നല്ലനടപ്പ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിക്കണം. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണോ ഇത്ര വിപുലമായ പട്ടിക തയാറാക്കിയത് എന്ന സംശയത്തെ തുടര്‍ന്നാണ് സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
ഇക്കാര്യങ്ങളില്‍ വ്യക്തത വേണം എന്ന കുറിപ്പോടെ വ്യാഴാഴ്ച ഗവര്‍ണറുടെ ഓഫിസ് ഫയല്‍ മടക്കി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഇതുവരെ വിശദീകരണമൊന്നും വന്നിട്ടില്ല.
Post Your Comments