NewsIndia

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ പുതിയ തീരുമാനം

ന്യൂഡല്‍ഹി : സീസണുകളില്‍ തിരക്ക് കൂടിയാല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നടപ്പിലാക്കുന്ന രീതി പിന്‍വലിയ്ക്കാന്‍ നീക്കം. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് റെയില്‍വെയുടെ തീരുമാനം. അടുത്ത മാസം ചേരുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനു പ്രധാന ട്രെയിനുകളിലെ എസി ക്ലാസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിക്കെതിരെ പരാതി വ്യാപകമായ സാഹചര്യത്തിലാണിതെന്നു റെയില്‍വേ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ തിരക്കിന് ആനുപാതികമായി നിരക്കു കൂട്ടുന്ന ഫ്‌ളക്‌സി സമ്പ്രദായം കഴിഞ്ഞ സെപ്റ്റംബറിലാണ് ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ചു നിശ്ചിത ടിക്കറ്റുകള്‍ക്കു ശേഷമുള്ള ഓരോ 10% ടിക്കറ്റുകള്‍ക്കും 10% അധിക നിരക്കാണ് ഈടാക്കുക. ഫലത്തില്‍, വൈകി ബുക്കു ചെയ്യുന്ന ടിക്കറ്റുകള്‍ക്കു 40% വരെ അധികം നല്‍കണം. എന്നാല്‍, ഫസ്റ്റ് എസി, എസി ചെയര്‍കാര്‍ ടിക്കറ്റുകള്‍ക്ക് ഇതു ബാധകമല്ല.

മുന്‍പു നടത്തിയ അവലോകനത്തിനു ശേഷം ഡല്‍ഹി – അജ്‌മേര്‍, ബെംഗളൂരു – ചെന്നൈ റൂട്ടുകളില്‍ പരിഷ്‌കാരം എടുത്തുകളഞ്ഞിരുന്നു. ട്രെയിന്‍ യാത്രക്കാര്‍ വോള്‍വോ ബസുകളെ ആശ്രയിച്ചു തുടങ്ങിയതോടെയായിരുന്നു ഇത്. എങ്കിലും മറ്റു റൂട്ടുകളില്‍ കൊട്ടിഘോഷിച്ചു തുടങ്ങിയ പരിഷ്‌കാരം തല്‍ക്കാലം നിലനിര്‍ത്തുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നു മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, കൊച്ചി തുടങ്ങി പല കേന്ദ്രങ്ങളിലേക്കുമുള്ള ഫ്‌ളക്‌സി നിരക്ക് പലപ്പോഴും വിമാന ടിക്കറ്റ് നിരക്കിനടുത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button