ഹൈദരാബാദ്: ജയലളിത സിനിമാരംഗത്തുള്ളപ്പോള്‍ തന്നെ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയതായിരുന്നു സെക്കന്തരാബാദ് രാധിക കോളനിയിലെ 16-ാം നമ്പര്‍ ഇരുനില വീടായ പോയസ് ഗാര്‍ഡന്‍. ജയലളിതയുടെ മരണശേഷം ഇപ്പോള്‍ ശശികല നടരാജന്‍ എന്നാണ് ഈ വീടിനു മുന്നില്‍ പേര് വെച്ചിരിക്കുന്നത്. ശശികല ജയിലില്‍ ആയെങ്കിലും ഈ വീടിനു പ്രോപ്പര്‍ട്ടി ടാക്‌സ് ചുമത്തി താലൂക്ക് അധികൃതര്‍ നോട്ടീസ് പുറത്തിറക്കിയതാണ് പുതിയ വാര്‍ത്ത. ഇപ്പോള്‍ ഈ വീട് ശശികലയുടെ പേരിലാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജയലളിത ഇതിനായി വില്‍പ്പത്രം എഴുതിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
35, 254 രൂപയാണ് ആസ്തിയുടെ മേലുള്ള വാര്‍ഷികനികുതിയായി അടയ്‌ക്കേണ്ടിയിരുന്നത്.
ഇത് രണ്ടു വര്‍ഷമായി മുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ ഇവിടെ വാടകയ്ക്ക് നല്‍കിയിരുന്നെങ്കിലും മൂന്ന് മാസമായി പുതുക്കിപ്പണികള്‍ നടക്കുന്നതു കൊണ്ട് താമസക്കാരില്ല.
വാതിലുകള്‍ക്കും ജനലുകള്‍ക്കുമെല്ലാം സ്വര്‍ണനിറമുള്ള പെയിന്റാണ് അടിച്ചിരിക്കുന്നത്. ബാക്കിയിടങ്ങളില്‍ തൂവെള്ള നിറത്തില്‍ പെയിന്റ് ചെയ്തിരിക്കുന്നു.
വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന കാലത്ത് ബന്‍ജാര ഹില്‍സിലെ ആഡംബര ഹോട്ടലിലായിരുന്നു ജയലളിത താമസിച്ചിരുന്നത്. പിന്നീട് നഗരവുമായി ഇഷ്ടം തോന്നിയപ്പോള്‍ സെക്കന്തരാബാദിലെ ഈ വീട് വാങ്ങുകയായിരുന്നു. ഇതുകൂടാതെ ശ്രീനഗര്‍ കോളനിയില്‍ 14,000 ചതുരശ്രയടിയുള്ള മറ്റൊരു വീടും, തെലങ്കാനയില്‍ 14.50 ഏക്കര്‍ മുന്തിരിത്തോട്ടവും ജയലളിതയ്ക്കുണ്ട്.
21,600 ചതുരശ്രയടിയില്‍ കന്റംപ്രറി ശൈലിയില്‍ തൂവെള്ള പെയിന്റ് അടിച്ച, ഇരുനില വീടാണ് ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന വേദനിലയം. 1967 ല്‍ പോയസ് ഗാര്‍ഡനിലെ ഈ വീട് വാങ്ങുമ്പോള്‍ അതിന്റെ വില 1.37 ലക്ഷമായിരുന്നു, ഇന്നതിന് ഏകദേശം 43.96 കോടി മതിപ്പുവില വരും. ജയലളിതയുടെ മരണശേഷം ശശികലയും കൂട്ടരുമാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ വേദനിലയത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയും ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ശശികലയുടെ സഹോദരഭാര്യ ഇളവരശിയുടെ പേരിലാണ് ജയലളിത വേദനിലയം എഴുതി വെച്ചിരിക്കുന്നത് എന്നാണ് ശശികല ഇപ്പോള്‍ അവകാശപ്പെടുന്നത്
Post Your Comments