NewsIndia

തമിഴ്‌നാട് ഭരണത്തില്‍ പളനി സ്വാമി നോക്കുകുത്തി : തമിഴ്‌നാട്ടില്‍ ഇനി മന്നാര്‍ഗുഡി മാഫിയയുടെ കളി

ചെന്നൈ: ജയലളിത ഏറെക്കാലമായി ഭരണരംഗത്തു നിന്നും അകറ്റി നിര്‍ത്തിയ മന്നാര്‍ഗുഡി മാഫിയ ഇനി തമിഴ്നാട് ഭരിക്കും. ശശികല ജയിലില്‍ ആയെങ്കിലും ഭരണത്തിന്റെ കടിഞ്ഞാണ്‍ പരപ്പന അഗ്രഹാര ജയില്‍ തന്നെയാകും. ഇതോടെ ജയലളിത പനീര്‍ശെല്‍വത്തെ മുന്നില്‍ നിര്‍ത്തി എങ്ങനെയാണ് ഭരിച്ചത് അതുപോലെ തന്നെയാകും എടപ്പാടി പളനിസ്വാമിയുടെ അവസ്ഥയും. ചിന്നമ്മയുടെ അനുഗ്രഹാശിസ്സുകളോടെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ മന്നാര്‍ഗുഡി മാഫിയ തന്നെയാകും തമിഴ്നാടിനെ നിയന്ത്രിക്കുക.

മന്ത്രിസഭയിലും മന്നാര്‍ഗുഡി മാഫിയയിലെ പ്രമുഖര്‍ ഇടം പിടിച്ചിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായതോടെ സഹോദരന്‍ ടി.ടി.വി ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കി പാര്‍ട്ടി ഭരണം ഏല്‍പിക്കുകയാണ് ശശികല ചെയ്തത്. ഇതോടെ ദിനകരനാകും ഇനി തമിഴ്നാട്ടിലെ ഭരണകാര്യങ്ങളെല്ലാം തീരുമാനിക്കുക. ജയലളിതയുടെ അപ്രീതിക്ക് പാത്രമായി പുറത്തുപോകേണ്ടി വന്ന വ്യക്തിയായിരുന്നു ദിനകരന്‍. ജയ മരിച്ചതോടെ ഈ സംഘം വീണ്ടും സജീവമാകുകയാണ് ഉണ്ടായത്. ദിനകരനെ വഞ്ചകന്‍ എന്നു വിളിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിത അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍, ജയയുടെ മരണത്തോടെ മന്നാര്‍ഗുഡി മാഫിയ വീണ്ടും സജീവമാകുകയായിരുന്നു. അമ്മയുടെ അപ്രീതിക്ക് പാത്രമായി മാറിയ ദിനകരന്റെ വിഷയം ഉയര്‍ത്തി കൊണ്ടുവന്ന് സജീവമാക്കാനാണ് പനീര്‍ശെല്‍വത്തിന്റെ നീക്കം. പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിന് കീഴിലാകുന്നത് അംഗീകരിക്കാനാവില്ലെന്ന് വിമതനായ ഒ പനീര്‍ശെല്‍വം അറിയിച്ചു കഴിഞ്ഞു.
ശശികലയുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് പനീര്‍ശെല്‍വം ക്യാമ്പ് ഒരുങ്ങുന്നത്. ധര്‍മ്മയുദ്ധം തുടരുമെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്. അടുത്ത പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ഒ.പി.എസ് ക്യാമ്പ് യോഗം ചേര്‍ന്നു. പളനിസാമിയെ അധികാരം ഏല്‍പ്പിക്കുന്നത് തടയാനായി ഒ.പി.എസ് പക്ഷത്തെ എം.പി മൈത്രേയന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നിലപാടില്‍ മാറ്റമില്ലെന്നും കുടുംബാധിപത്യത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഒ.പി.എസ് പക്ഷത്തുള്ള എം.എല്‍.എമാര്‍ പറഞ്ഞു.

തമിഴ്നാട്ടില്‍ അഴിമതിക്കും ഗുണ്ടായിസത്തിനും കുപ്രസിദ്ധമായ മന്നാര്‍ഗുഡി മാഫിയ ഭരണത്തിലും തലപ്പത്തെത്തുന്നത് ആശങ്കയ്ക്കും വഴിവെക്കുന്നുണ്ട്. ജയലളിത പുറത്താക്കിയ ശശികലയുടെ ബന്ധുസംഘമായ മന്നാര്‍ഗുഡി മാഫിയയിലെ ദിനകരനേയും ഡോ.വെങ്കടേശിനേയും കോടതിയില്‍ കീഴടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചത്. വെങ്കിടേഷിനെ പാര്‍ട്ടിയുടെ യുവവിഭാഗത്തിന്റെ ചുമതലക്കാരനായാണ് ചിന്നമ്മ നിയമിച്ചത്. ചുരുക്കത്തില്‍ എല്ലാ വിധത്തിലും സെല്‍ഭരണത്തിലേക്ക് തമിഴ്നാട് പോകുമോ എന്ന ആശങ്കയും ശക്തമാണ്.
ജയലളിത തമിഴകം ഭരിച്ച കാലഘട്ടത്തിന്റെ തന്നെ ആയുസുണ്ട് ശശികലയുടെയും മന്നാര്‍ഗുഡി മാഫിയയുടേയും വളര്‍ച്ചയ്ക്ക്. ആ സംഘം ഒടുവില്‍ തമിഴകം ഭരിക്കാനെത്തുമ്പോള്‍ ദീര്‍ഘ വീക്ഷണത്തിന്റെ കാര്യം പരാമര്‍ശിക്കാതിരിക്കാനാകില്ല. ഒരേസമയം തന്നെ തമിഴ്നാട് മുഖ്യമന്ത്രി പന്നീര്‍ ശെല്‍വമുള്‍പ്പെടെയുള്ള നേതാക്കളെ വരച്ചവരയില്‍ നിര്‍ത്തുകയും ചെന്നൈ നഗരത്തിന്റെ, തമിഴകത്തിന്റെ നിര്‍ണായക ബിസിനസ് ഇടപാടുകളില്‍ കൈവച്ച് പണമുണ്ടാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രമായിരുന്നു ശശികലയും അവരുള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയയും. ഒന്നും രണ്ടും കൊല്ലമല്ല, മറിച്ച് നീണ്ട മൂന്നുദശാബ്ദത്തോളം ജയലളിതയെന്ന ഏകാധിപതിയുടെ ശ്വാസംപോലെ കൂടെയുണ്ടായിരുന്നു ശശികല. അവരെ തോഴിയാക്കി ജയയ്‌ക്കൊപ്പം വിട്ട് ബാക്കി ചരടുവലികള്‍ നടത്തിയിരുന്ന ഭര്‍ത്താവ് നടരാജന്റെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി ടീമിനു തന്നെയാകും ഇനിയങ്ങോട്ട് തമിഴകത്തിന്റെ ഭരണം.
ജയലളിതയെന്ന കാര്‍ക്കശ്യക്കാരിയുടെ നിഴല്‍പോലെ നില്‍ക്കുമ്പോഴും സ്വന്തം താല്‍പര്യങ്ങള്‍ ശശികല നേടിയെടുത്തിരുന്നു. ഇതിനുദാഹരണമാണ് ഇത്രയും കാലത്തിനിടയ്ക്ക് അവര്‍ക്കുണ്ടായ വളര്‍ച്ചയും. 2011നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് തീരുമാനമെടുക്കുന്നതില്‍ ശശികലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ കോടികളുടെ പണപ്പിരിവും നടന്നിരുന്നു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് ശശികലയായിരുന്നപ്പോഴും അദൃശ്യസാന്നിധ്യമായി അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അവരുടെ ഭര്‍ത്താവ് നടരാജന്‍ ആയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ 30 കൊല്ലക്കാലത്തിനിടയ്ക്ക് രാഷ്ട്രീയത്തിലെ ചരടുവലികളിലൂടെയും ഇടപെടലുകളിലൂടെയും നേടിയ വന്‍ സമ്പത്തിന് ഉടമകളാണ് മന്നാര്‍ഗുഡി ടീം.
ജയലളിതയുടെ വസതിയിലുള്‍പ്പെടെ ഒരു ഈച്ചപോലും അറിവില്ലാതെ പറക്കാന്‍ അനുവദിക്കാത്തവിധം നെറ്റ് വര്‍ക്ക് ഒരുക്കിയാണ് ശശികലയും നടരാജനും ഓരോ നീക്കങ്ങളും നടത്തിയിരുന്നത്. അതേസമയം ജയലളിതയുടെ ആവശ്യങ്ങളെല്ലാം യഥാവിധി നിറവേറ്റുന്നതില്‍ ഇവര്‍ ഒരു വീഴ്ചയും വരുത്തിയില്ല. ഇടയ്ക്ക് ചില അസ്വാരസ്യങ്ങളുണ്ടായെങ്കിലും ഉറ്റതോഴിയെന്ന നിലയില്‍ ശശികലയെ പിരിഞ്ഞിരിക്കാന്‍ വയ്യാതെ ജയതന്നെ അവരെ തിരിച്ചുവിളിച്ചു. പിന്നീട് ജയ മരണത്തിന് കീഴടങ്ങി യാത്രയാകുന്നതുവരെ വീണ്ടും കൂടെനിന്ന ശശികല ഇപ്പോള്‍ തമിഴ്നാടിന്റെ ചിന്നമ്മയായി മാറുകയായിരുന്നു മന്നാര്‍ഗുഡി മാഫിയയുടെ അകമ്പടിയോടെ.
വിദേശത്തും സ്വദേശത്തുമായി സഹസ്രകോടികളുടെ നിക്ഷേപം മന്നാര്‍ഗുഡി മാഫിയയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2002ല്‍ കോയമ്പത്തൂരില്‍ ശശികല മിഡാസ് ഗോള്‍ഡന്‍ ഡിസ്റ്റിലറി തുടങ്ങി. ബിസിനസ് പാര്‍ട്ണറുടേതാണെന്നായിരുന്നു പ്രചരണമെങ്കിലും മന്നാര്‍ഗുഡി മാഫിയയുടേതാണ് ഡിസ്റ്റിലറിയെന്നത് താമസിയാതെ പരസ്യമായി. തുടര്‍ന്ന് ഈ മദ്യവ്യവസായം തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതിനുപുറമെ നിരവധി തിയേറ്റര്‍ കോംപ്ലക്‌സുകള്‍, മാളുകള്‍, മറ്റു വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി പരസ്യമായും രഹസ്യമായും അവര്‍ ഉണ്ടാക്കിയ ആസ്തികളെപ്പറ്റി ആര്‍ക്കും ശരിയായ തിട്ടമില്ല. 5000 കോടിയുടെ ആസ്തി ശശികല ഉണ്ടാക്കിയെന്ന് മാദ്ധ്യമ വാര്‍ത്തകള്‍ വന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് 300 കോടി സീറ്റുവില്‍പനയിലൂടെ ശേഖരിച്ചുവെന്നും വാര്‍ത്തവന്നു. പക്ഷേ, മന്നാര്‍ഗുഡി മാഫിയയുടെ ആസ്തിയെത്രയെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു.
എന്തായാലും ജയിലില്‍ കിടന്ന് ശശികലയുടെ ഭരണമാകും ഇനി തമിഴ്നാട് കാണാന്‍ പോകുന്നത്. അതിനിടെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്നതും കണ്ടു തന്നെ അറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button