
ദുബായ്•പത്ത് വര്‍ഷത്തിനകം ദുബായ് യെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റിയെടുക്കാനുള്ള പദ്ധതിയുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 10 x’ എന്ന പദ്ധതിയെക്കുറിച്ച് ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ അവസാന ദിനമായ ചൊവ്വാഴ്ച പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും അഭിസംബോധനചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഇതിനായി ഓരോവര്‍ഷവും ചുരുങ്ങിയത് മൂന്ന് ആശയങ്ങളുമായി എത്താന്‍ ദുബായ് ഭരണാധികാരി ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ആഹ്വാനംചെയ്തു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനായിരിക്കും ഈ പദ്ധതിയുടെ മേല്‍നോട്ടം. വ്യക്തിപരമായി താനും ഈ പദ്ധതി നിരീക്ഷിക്കുമെന്നും ഷെയ്ഖ് മൊഹമ്മദ് വ്യക്തമാക്കി.
“2050 വരെ നമുക്കാവശ്യമായ ഊര്‍ജത്തിന്റെ രൂപരേഖ നാം തയ്യാറാക്കിയിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെ ചെലവ് 1.3 ബില്യന്‍ ദിര്‍ഹത്തില്‍നിന്ന് 600 ദശലക്ഷമാക്കി കുറയ്ക്കാന്‍ നമുക്കായി”-അദ്ദേഹം പറഞ്ഞു.
എണ്ണവിലയിടിവ് ഏറ്റവും കുറവ് ബാധിച്ച എമിറേറ്റ് ആണ് ദുബായ് എന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണത്തിന്റെയും നവീനമായ ആശയങ്ങളുടെയും പ്രസക്തി ദുബായ് നേരിട്ട് അനുഭവിച്ചതിന്റെ ഉദാഹരണമായാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ പുതിയ പുസ്തകം രണ്ടുദിവസത്തിനകം പുറത്തിറങ്ങുമെന്നും ഷെയ്ഖ് മൊഹമ്മദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments