തിരുവനന്തപുരം• നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ലൈന്‍ ട്രാഫിക് അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിന് ട്രാഫിക് സുരക്ഷാ സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിലെ എട്ട് പ്രധാന റോഡുകളില്‍ ലൈന്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും.
കഴക്കൂട്ടം – ചാക്ക ബൈപാസ്, കേശവദാസപുരം – പി.എം.ജി, കവടിയാര്‍ – പാളയം, പാളയം – ഈസ്റ്റ് ഫോര്‍ട്ട്, ശാസ്തമംഗലം – വെള്ളയമ്പലം, വെള്ളയമ്പലം – വഴുതയ്ക്കാട്, കരമന – പ്രാവച്ചമ്പലം, ഈഞ്ചയ്ക്കല്‍ – കോവളം എന്നീ റൂട്ടുകളിലാണ് ലൈന്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തുകയെന്ന് എ.ഡി.എം ജോണ്‍ വി. സാമുവല്‍ യോഗത്തില്‍ അറിയിച്ചു. ഈ റൂട്ടുകളിലൂടെ റോഡിന്റെ ഇടതുഭാഗത്തെ ലൈനില്‍കൂടി മാത്രമേ ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയുടെ ഗതാഗതം അനുവദിക്കുകയുള്ളൂ. ജംഗ്ഷനുകളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ഓവര്‍ടേക്കിങ് നിരോധിക്കും. ലൈന്‍ ട്രാഫിക് സംവിധാനം ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് കണ്ടുകെട്ടുന്നതിനും യോഗം തീരുമാനിച്ചു.
മാര്‍ച്ച് ഒന്ന് മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ ബസ് സ്റ്റോപ്പുകളുടെ സ്ഥാനങ്ങളില്‍ പുനക്രമീകരണം നടത്തും. സ്റ്റാച്ച്യു ജങ്ഷനിലുള്ള ബസ് സ്റ്റോപ്പ് എസ്.ബി.ഐ.യുടെ സമീപത്തുള്ള ബസ് ബേയിലേയ്ക്കും പാളയം പള്ളിക്ക് എതിര്‍വശത്തുള്ള പേരൂര്‍ക്കട ശാസ്തമംഗലം ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് പബ്ലിക് ലൈബ്രറിയുടെ എതിര്‍വശത്തുള്ള ബസ് ബേയിലേയ്ക്ക് മാറ്റുന്നതിനും തീരുമാനമായി. തിരക്കുള്ള റോഡുകളുടെ വശങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പാര്‍ക്കിങ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് മുന്നോടിയായി രണ്ട് മണിക്കൂറിലധികം റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കി. റോഡുകളുടെ സമീപത്ത് അപകടകരമാം വിധം ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് കണ്ടെത്തി കര്‍ശനമായി നിയന്ത്രിക്കുന്നതിനും യോഗം തീരുമാനിച്ചു.
റോഡിലെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഈ മാസം 28 ന് മുന്‍പ് നീക്കം ചെയ്യുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സ്ഥാപിച്ചിട്ടുള്ളവയ്ക്ക് നോട്ടീസ് നല്‍കി മാര്‍ച്ച് 15 നകം നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡരികിലെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സി ബസുകളടക്കം സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വാഹനങ്ങളില്‍ അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിനും അല്ലാത്തവയ്‌ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
സൈന്‍ബോര്‍ഡുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപിക്കും. സീബ്രാ ക്രോസിങ്ങിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുന്നത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ ശനിയാഴ്ചകളിലും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളെ ഉള്‍പ്പെടുത്തി ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കും. ഗ്രാമീണ റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മാര്‍ച്ച് അഞ്ചിനകം പഞ്ചാത്ത്തല സമിതികള്‍ രൂപീകരിക്കും. യോഗത്തില്‍ റ്റി.ആര്‍.ഡി.സി.എല്‍ ഡയറക്ടര്‍ അനില്‍ കുമാര്‍ പണ്ഡാല, ആര്‍.റ്റി.ഒ മാരായ സജിത്. വി, മുരളീകൃഷ്ണന്‍. ബി, നാഷണല്‍ ഹൈവേ എക്‌സി. എന്‍ജിനീയര്‍ ബിന്ദു. ആര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments