![](/wp-content/uploads/2017/02/image-14.jpg)
ഡൽഹി: കേന്ദ്രമന്ത്രിമാരുടെ മൂന്ന് മാസത്തിനിടെയുള്ള വിദേശയാത്രകളുടെ വിവരങ്ങളാരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധന തീരുമാനത്തിന് മന്ത്രിമാര്‍ നല്‍കിയ പ്രചാരണം വിലയിരുത്താനാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഈയിടെ നടന്ന മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയതെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്ത തിങ്കളാഴ്ചയ്ക്കുള്ളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചുമതല നൽകിയിരിക്കുന്നത് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിംഗിനാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ വിദേശയാത്ര നടത്താത്തവര്‍ അവര്‍ ഡല്‍ഹിയില്‍ത്തന്നെ ഉണ്ടായിരുന്നെന്നും ഓഫീസില്‍ എത്തിയിരുന്നെന്നും പ്രത്യേകം രേഖപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
സ്വന്തം മണ്ഡലത്തിന് പുറത്ത് മന്ത്രിമാര്‍ സര്‍ക്കാര്‍ പദ്ധതികള്‍, നോട്ട് റദ്ദാക്കലിന് അനുകൂലമായി എത്ര പ്രചാരണം നടത്തി എന്ന് വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മന്ത്രിമാര്‍ ഓഫീസ് ജോലികളും പുറത്തുപോയി ചെയ്യുന്ന ജോലികളും ഒരേപോലെ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനും കൂടിയാണ് ഇത്തരത്തിലൊരു നീക്കമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments