Technology

ഗൂഗിള്‍ വഴി ബിസിനസ് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വായിക്കാം

പലതരത്തിലുള്ള ബിസിനസുകള്‍ ചെയ്യുന്നവരാണ് ഏറെപ്പേരും. സാങ്കേതികവിദ്യ ഇത്രത്തോളം പുരോഗമിച്ചിട്ടും പലരുടെയും സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഒരു വെബ്‌സൈറ്റ് പോലും ഇല്ല. പ്രത്യേകിച്ചും ചെറുകിട സംരംഭകര്‍ക്ക്. എന്നാല്‍ ഇവരെക്കൂടി ഡിജിറ്റല്‍ ലോകത്ത് എത്തിക്കാന്‍ ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് എന്ന പുതിയ പദ്ധതിയിലൂടെ ഗൂഗിള്‍ തയാറെടുക്കുകയാണ്. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ എങ്ങനെ ബിസിനസ് വിപുലമാക്കാം, വിജയിപ്പിക്കാം എന്ന് ആര്‍ക്കും ഗൂഗിളിന്റെ ഈ പരിശീലന പദ്ധതി വഴി പഠിക്കാം. ഡിജിറ്റല്‍ ഗരാഷ് എന്ന പേരില്‍ ബ്രിട്ടനിലും ഡിജിറ്റല്‍ സ്‌കില്‍സ് എന്ന പേരില്‍ ആഫ്രിക്കയിലും അവതരിപ്പിച്ച ട്രെയ്നിംഗ് പ്രോഗ്രാമുകളുടെ ഇന്ത്യന്‍ പതിപ്പാണ് ഡിജിറ്റല്‍ അണ്‍ലോക്ക്ഡ്. തുണിക്കടകള്‍, ബേക്കറികള്‍ എന്നുവേണ്ട ഏത് സംരംഭമായാലും ഡിജിറ്റലാകൂ, ബിസിനസ് കൂടുതല്‍ വിപുലമാക്കൂ എന്നതാണ് ഗൂഗിള്‍ നല്‍കുന്ന സന്ദേശം. ഇന്ത്യയിലെ ബിസിനസ് രംഗം പൂര്‍ണമായും ഡിജിറ്റലാക്കാന്‍ വര്‍ഷങ്ങളായുള്ള ഗൂഗിളിന്റെ ശ്രമമാണ് ഇതുവഴി സാധ്യമാകുന്നത്.

ഡിജിറ്റല്‍ അണ്‍ലോക്ക്ഡ് (https://digitalunlocked.withgoogle.com) എന്ന വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ അഞ്ച് കോടിയിലേറെ വരുന്ന ചെറുകിട ഇടത്തരം സംരംഭകരില്‍ 32 ശതമാനത്തില്‍ താഴെ മാത്രമേ ഡിജിറ്റലായിട്ടുള്ളു എന്നാണ് ഗൂഗിളിന്റെ കണക്ക്. ഇതിനു മുന്‍പ് പലതരം കാംപെയിനുകള്‍ നടത്തുകയും വെബ്സൈറ്റുകള്‍ ഉണ്ടാക്കാന്‍ വേണ്ട സാങ്കേതിക സഹായങ്ങള്‍ സൗജന്യമായി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ബൃഹത്തായ പദ്ധതി ആദ്യമായാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. സംരംഭകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങിയിട്ടുള്ളതെങ്കിലും ഡിജിറ്റല്‍ രംഗത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ആഗ്രഹമുള്ള ആര്‍ക്കും ഇതില്‍ സൗജന്യമായി ചേരാം. ഓണ്‍ലൈന്‍, ഓഫ്ലൈന്‍, മൊബീല്‍ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്ഫോമുകളിലായാണ് പരിശീലന പരിപാടി ഗൂഗിള്‍ രൂപീകരിച്ചിരിക്കുന്നത്. വീഡിയോ ക്ലാസുകളിലൂടെയാണ് ഓണ്‍ലൈന്‍ പഠനം. കമ്പനിയുടെ വെബ്സൈറ്റ് ഉണ്ടാക്കുന്നതും സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നതും ഉള്‍പ്പടെ 23 വിഷയങ്ങളിലായി 89 ക്ലാസുകളാണ് ഇതില്‍ ലഭ്യമാക്കിയിട്ടുള്ളത്. ക്ലാസുകള്‍ ഇപ്പോള്‍ ഇംഗ്ലീഷിലാണെങ്കിലും പ്രാദേശിക ഭാഷകളില്‍ ഉടന്‍ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button